പാലക്കാട് > അഗ്നിരക്ഷാസേനയുടെ ലൈസൻസില്ലാത്തതിനെ തുടർന്ന് നഗരസഭ പൂട്ടിച്ച സിനിമാ തിയറ്റർ തുറക്കണമെന്നാവശ്യപ്പെട്ട് സമരം ചെയ്ത യൂത്ത് കോൺഗ്രസുകാർക്കെതിരെ മറു സമരവുമായി മുസ്ലീം ലീഗ്. ചൊവ്വാഴ്ച രാവിലെയാണ് യുഡിഎഫിലെ ഭിന്നത പുറത്തറിയിച്ച് യൂത്ത് കോൺഗ്രസും മുസ്ലീം ലിഗും എതിർ വാദങ്ങളുമായി രംഗത്തെത്തിയത്. അനധികൃതമായി പ്രവർത്തിച്ചതിനെ തുടർന്ന് പൂട്ടിയ സിനിമാ തിയറ്റർ തുറക്കാൻ അനുവദിക്കണമെന്നും അതുവഴി വ്യവസായം സംരക്ഷിക്കണമെന്നുമായിരുന്നു യൂത്ത് കോൺഗ്രസ് ആവശ്യം. സ്ഥിരം പരിപാടിയായ ഉപരോധവുമായി മുന്നേറുമ്പോഴാണ് യുഡിഎഫിലെ ഘടകകക്ഷിയായ ലീഗ് ഇതിനെതിരെ രംഗത്തെത്തിയത്.
യൂത്ത് കോൺഗ്രസിന് മറുപടിയായി തിയറ്ററിനു മുന്നിലായിരുന്നു മുസ്ലീം ലീഗിന്റെ സമരം. സിനിമാ തിയറ്റർ പൂട്ടിയ നടപടിയിൽ ഉദ്യേഗസ്ഥരെ അഭിനന്ദിച്ച് മുദ്രാവാക്യങ്ങളും ഉയർന്നു. ഒരു നിയമവും പാലിക്കാത്ത സിനിമാ തിയറ്റർ തുറന്നുകൊടുക്കാൻ അനുവദിക്കില്ലെന്ന് പ്രഖ്യാപിച്ചാണ് ലീഗ് സമരം അവസാനിപ്പിച്ചത്. യൂത്ത് കോൺഗ്രസിന്റെ ഉദ്ദേശശുദ്ധിയെ ചോദ്യം ചെയ്ത് ലീഗ് രംഗത്തെത്തിയത് ആളുകൾക്കിടയിൽ ചർച്ചയായിട്ടുണ്ട്. കാലങ്ങളായി പാലക്കാട് യുഡിഎഫ് മുന്നണിയിലുള്ള അസ്വാരസ്യങ്ങളാണ് മറനീക്കി പുറത്തായത്.