കോഴിക്കോട്: മർക്കസ് നോളജ് സിറ്റിയിൽ അപകടമുണ്ടാക്കിയ കെട്ടിടം നിർമാണം തുടങ്ങിയത് അനുമതിയില്ലാതെ. നിരവധി തവണ പഞ്ചായത്തിൽ അപേക്ഷ നൽകിയിട്ടും നിർമാണ ചട്ടങ്ങൾ പാലിക്കാത്തതിനാൽ അനുമതി നിഷേധിക്കുകയായിരുന്നു.സംഭവത്തിൽ കൂടുതൽ അന്വേഷണം നടത്താൻ ഉത്തരവിട്ടതായി പഞ്ചായത്ത് അധികൃതർ വ്യക്തമാക്കി.
നോളജ് സിറ്റിയുടെ ഫിനിഷിങ് സ്കൂളിന്റെ കെട്ടിട നിർമാണത്തിനിടെയാണ് അപകടമുണ്ടായത്. ചൊവ്വാഴ്ച്ച രാവിലെ നടന്ന അപകടത്തിൽ 22 പേർക്കാണ്പരിക്കേറ്റത്. കെട്ടിടത്തിന്റെകോൺക്രീറ്റ് ചെയ്യുന്ന പ്രവൃത്തിനടക്കുന്നതിനാൽ ചൊവ്വാഴ്ച 59 പേർ ജോലിക്കെത്തിയിരുന്നു. പരിക്കേറ്റ 19 പേർ മെഡിക്കൽ കോളേജ് ആശുപത്രിയിലും രണ്ട് പേർ ഇഖ്റ ആശുപത്രിയിലും രണ്ട് പേർ താമരശ്ശേരി താലൂക്ക് ആശുപത്രിയിലും ചികിത്സ തേടി. രണ്ട് പേരുടെ നില ഗുരുതരമാണ്.
കോൺക്രീറ്റിനായി ഉറപ്പിച്ച ഇരുമ്പ് തൂൺ തെന്നിമാറുകയും അപകടമുണ്ടാവുകയുമായിരുന്നുവെന്നാണ് പോലീസ് പറയുന്നത്. രാവിലെ 11 മണിക്ക് അപകടമുണ്ടായ ഉടനെ തന്നെ പരിക്കേറ്റവരെ വിവിധ ആശുത്രിയിലേക്ക് കൊണ്ടുപോയി. ഇങ്ങനെയൊരു നിർമാണ പ്രവർത്തനം സ്ഥലത്ത് നടക്കുന്നതായി തങ്ങൾക്ക് അറിവുണ്ടായിരുന്നില്ലെന്ന് പഞ്ചായത്ത് അധികൃതരും പ്രതികരിച്ചു.
Content Highlights: building under construction in Markaz Knowledge City collapses