തിരുവനന്തപുരം: കോൺഗ്രസ് നേതൃത്വത്തിൽ ന്യൂനപക്ഷ സാന്നിധ്യമില്ലെന്ന കോടിയേരി ബാലകൃഷ്ണന്റെ വിവാദ പ്രസ്താവനയിൽ രൂക്ഷമായി പ്രതികരിച്ച് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. കോടിയേരിയുടേത് മൂന്നാംകിട വർത്തമാനമാണെന്നും കേരളത്തിന്റെ ചരിത്രത്തിൽ ഇതുപോലെ പച്ചയ്ക്ക് വർഗീയത പറഞ്ഞ ഒരു രാഷ്ട്രീയ നേതാവില്ലെന്നും വി.ഡി. സതീശൻ വിമർശിച്ചു.
കോൺഗ്രസിന്റെ ഭാരവാഹിത്വത്തിൽ ന്യൂനപക്ഷങ്ങൾ ഇല്ലെന്ന ആക്ഷേപം അടിസ്ഥാനരഹിതമാണ്. സി.പി.എം അഖിലേന്ത്യാ സെക്രട്ടറിമാർ മുഖ്യമന്ത്രിമാർ, ജില്ലാ സെക്രട്ടറിമാർ എന്നിവരിൽ ന്യൂനപക്ഷ വിഭാഗങ്ങളിൽപ്പെട്ട എത്ര പേരുണ്ടെന്ന് ആദ്യം പരിശോധിച്ച ശേഷം വൈദ്യർ സ്വയം ചികിത്സ തുടങ്ങണം. വർഗീയത പറയാൻ കോടിയേരി മുഖ്യമന്ത്രിയുമായി മത്സരിക്കുകയാണ്.
ആദ്യം മുസ്ലീംലീഗിനെതിരെ ആഞ്ഞടിച്ച് ഭൂരിപക്ഷത്തെ പ്രീണിപ്പാക്കാൻ ശ്രമിച്ചു. ഇപ്പോൾ കോൺഗ്രസിനെതിരെ പറഞ്ഞ് ന്യൂനപക്ഷങ്ങളെ പ്രീണിപ്പിക്കാൻ ശ്രമിക്കുകയാണ്.
എല്ലാ വിഭാഗങ്ങളെയും കേരളത്തിലെ കോൺഗ്രസിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. എല്ലാ വിഭാഗത്തിലുള്ള ആളുകളും കോൺഗ്രസിനെ പിന്തുണയ്ക്കുന്നുമുണ്ട്. ഇതേ ചോദ്യം സി.പി.എം ഒന്നു സ്വയം ചോദിക്കണം. കണക്കുകളൊക്കെ ഒന്നു പരിശോധിച്ചു നോക്ക്. പിണറായി പാർട്ടി സെക്രട്ടറി ആയിരുന്നപ്പോൾ വി.എസ് മുഖ്യമന്ത്രിയായിരുന്നു. അതിനെതിരെ കോൺഗ്രസ് ഒരു ആക്ഷേപവും പറഞ്ഞിട്ടില്ല. ഇപ്പോഴും ഞങ്ങൾ അതിനെ കുറ്റപ്പെടുത്തുന്നില്ല. കോടിയേരി പഴയ കാര്യങ്ങളൊക്കെ മറന്നു പോകുകയാണ്. കോൺഗ്രസിലെ ആളുകളെയൊന്നും കോടിയേരി തീരുമാനിക്കേണ്ട. അതിനുള്ള സംവിധാനം കോൺഗ്രസ് പാർട്ടിയിലുണ്ട്. അഖിലേന്ത്യാ പാർട്ടിയെ നിയന്ത്രിക്കുന്ന പാർട്ടിയാകാൻ സി.പി.എം സംസ്ഥാന ഘടകം ശ്രമിക്കുകയാണ്.
ന്യൂനപക്ഷത്തെ പൊതുശത്രുവാക്കി പ്രഖ്യാപിച്ച് ഭൂരിപക്ഷത്തെ കബളിപ്പിച്ചാണ് സംഘപരിവാർ വോട്ടു തേടുന്നത്. എല്ലാ മതവിഭാഗങ്ങളെയും ചേർത്ത് നിർത്തുകയെന്നതാണ് കോൺഗ്രസ് നിലപാട്. അതു മനസിലാക്കാതെ കോടിയേരി ബി.ജെ.പിയുടെ പിറകെ പോകരുത്. സിൽവർ ലൈൻ, സർവകലാശാലകളിലെ രാഷ്ട്രീയവത്കരണം, മെഡിക്കൽ സർവീസസ് കോർപറേഷനിലെ അഴിമതി, ക്രമസമാധാന തകർച്ച എന്നിവയൊന്നും ചർച്ചയാക്കാതിരിക്കാനാണ് കോടിയേരി ശ്രമിക്കുന്നത്. ജനങ്ങളെ ബാധിക്കുന്ന വിഷയങ്ങൾ ചർച്ചയാക്കാതെ മറ്റൊരു വിഷയത്തിലേക്ക് കൊണ്ടു പോകാനുള്ള കുഴിയിൽ വീഴാൻ പ്രതിപക്ഷത്തെ കിട്ടില്ല.
അഹമ്മദാബാദ്- മുംബൈ സിൽവർ ലൈൻ വരേണ്യ വർഗത്തിനു വേണ്ടിയുള്ള പദ്ധതിയെന്നാണ് സി.പി.എം ജനറൽ സെക്രട്ടറി സിതാറാം യെച്ചൂരി പറഞ്ഞത്. സാമ്പത്തിക പ്രതിസന്ധി പരിഗണിച്ച് ഒരു ലക്ഷത്തി പതിനായിരം കോടിയുടെ പദ്ധതി കേന്ദ്ര സർക്കാർ നടപ്പാക്കുന്നത് അടിസ്ഥാന വർഗത്തിനു വേണ്ടിയല്ലെന്നും യെച്ചൂരി വിമർശിച്ചിരുന്നു. ആ സീതാറം യെച്ചൂരി പറയുന്നത് കേട്ട് പ്രവർത്തിക്കാൻ കോടിയേരി ശ്രമിക്കണം. ദേശീയ നേതൃത്വത്തോട് കുറച്ച് ബഹുമാനം കാണിക്ക്. കോൺഗ്രസിന്റെ ആഭ്യന്തര വിഷയങ്ങളിൽ ഇടപെടേണ്ട. ദേശീയ നേതൃത്വത്തിന്റെ നിലപാടിന് വിരുദ്ധമായി കോഴയും കൊള്ളയും ലക്ഷ്യമിട്ടാണ് കേരളത്തിൽ സിൽവർ ലൈനുമായി ഇറങ്ങിയിരിക്കുന്നതെന്നുംവി.ഡി. സതീശൻ ആരോപിച്ചു.
Content Highlights: Kerala opposition leader VD Satheesan slams Kodiyeri Balakrishnan