കൊല്ലം
എൻ കെ പ്രേമചന്ദ്രൻ എംപി ചെയർമാനായ ഫൗണ്ടേഷന്റെ മറവിൽ ആർ എസ് ഉണ്ണിയുടെ സ്വത്ത് തട്ടാൻ ശ്രമിച്ച സംഭവത്തിൽ പൊലീസ് അന്വേഷണം ഊർജിതം. ആർ എസ് ഉണ്ണിയുടെ ചെറുമകൾ അഞ്ജന വി ജയ് ശക്തികുളങ്ങര സ്റ്റേഷനിലെത്തി വിശദമായ മൊഴി നൽകി. കഴിഞ്ഞ ദിവസം ശക്തികുളങ്ങരയിലെ വീട്ടിലെത്തി അന്വേഷക സംഘം അഞ്ജനയിൽനിന്ന് വിവരങ്ങൾ ശേഖരിച്ചരുന്നു. വസ്തുസംബന്ധമായ രേഖകൾ ശേഖരിക്കുന്നതിനുള്ള നടപടികളും പുരോഗമിക്കുന്നു. ശക്തികുളങ്ങര ഇൻസ്പെക്ടർ യു ബിജുവിന്റെ നേതൃത്വത്തിലുള്ള സംഘം ശനിയാഴ്ചയാണ് അന്വേഷണം ഏറ്റെടുത്തത്. ഭീഷണിയുള്ളതിനാൽ പൊലീസ് സുരക്ഷ ആവശ്യപ്പെട്ട് അഞ്ജന നൽകിയ ഹർജി ഈയാഴ്ച ഹൈക്കോടതി വീണ്ടും പരിഗണിക്കും. വിഷയത്തിൽ പൊലീസിനോട് കോടതി റിപ്പോർട്ട് തേടിയിട്ടുണ്ട്.
എൻ കെ പ്രേമചന്ദ്രൻ ചെയർമാനും കെ പി ഉണ്ണിക്കൃഷ്ണൻ സെക്രട്ടറിയുമായി ആർ എസ് ഉണ്ണി ഫൗണ്ടേഷൻ രൂപീകരിച്ചത് 2016ലാണ്. ഫൗണ്ടേഷന്റെ മറവിൽ തങ്ങൾക്ക് അവകാശപ്പെട്ട ശക്തികുളങ്ങരയിലെ 24 സെന്റും വീടും തട്ടിയെടുക്കാൻ ശ്രമിച്ചെന്നാണ് ആർ എസ് ഉണ്ണിയുടെ ചെറുമക്കളായ അമൃത വി ജയ്, അഞ്ജന വി ജയ് എന്നിവരുടെ പരാതി. സംഭവത്തിൽ എൻ കെ പ്രേമചന്ദ്രൻ, കെ പി ഉണ്ണിക്കൃഷ്ണൻ തുടങ്ങിയവർക്കെതിരെ വഞ്ചന, ഗൂഢാലോചന, വ്യാജരേഖ ചമയ്ക്കൽ തുടങ്ങിയ കുറ്റങ്ങൾ ചുമത്തി ശക്തികുളങ്ങര പൊലീസ് കേസെടുത്തിരുന്നു.