നിലമ്പൂർ
ഉൾക്കാട്ടിലെ കോളനികളിൽനിന്ന് കുട്ടികളെ അക്ഷരവെളിച്ചത്തിലേക്ക് നയിച്ചവരുടെ ജീവിതത്തിലേക്ക് ആശ്വാസത്തിന്റെ തെളിച്ചമെത്തുന്നു. സംസ്ഥാനത്തെ 270 ബദൽ സ്കൂളുകളിലെ 344 അധ്യാപകരെ സ്ഥിരപ്പെടുത്തി സർക്കാർ ഉത്തരവിറക്കി. പൊതുവിദ്യാഭ്യാസ വകുപ്പിനുകീഴിൽ പിടിസിഎം, എഫ്ടിഎം തസ്തികകളിലാണ് നിയമനം. ആൾട്ടർനേറ്റ് സ്കൂൾ ടീച്ചേഴ്സ് യൂണിയൻ (സിഐടിയു), സിപിഐ എം കേന്ദ്രകമ്മിറ്റിയംഗം പി കരുണാകരൻ വഴി നടത്തിയ ഇടപെടലിലാണ് നടപടി.
കേന്ദ്ര മാനവവിഭവശേഷി വികസനവകുപ്പിന്റെ സഹായത്തോടെ 1997 –-98 കാലയളവിലാണ് ബദൽ സ്കൂളുകൾ ആരംഭിച്ചത്. ജില്ലാ പ്രാഥമിക വിദ്യാഭ്യാസ പരിപാടിയുടെ (ഡിപിഇപി) കീഴിൽ അന്നത്തെ എൽഡിഎഫ് സർക്കാർ ഏകാധ്യാപക വിദ്യാലയങ്ങൾക്ക് തുടക്കമിട്ടു. ഒന്നാം ക്ലാസ് മുതൽ നാലാംക്ലാസ്വരെയാണ് പഠനം. സംസ്ഥാനത്ത് 4704 കുട്ടികൾ ബദൽ സ്കൂളുകളിലുണ്ട്. ഇതിൽ നാലായിരത്തോളംപേർ ഗോത്രവിഭാഗത്തിൽപ്പെട്ടവരാണ്. ഇടുക്കി, മലപ്പുറം, കാസർകോട് ജില്ലകളിലാണ് കൂടുതൽ അധ്യാപകർ– ഭൂരിഭാഗവും വനിതകൾ. ഇരുപതുവർഷത്തിലധികം സർവീസ് ഉള്ളവരാണ് പലരും. തുച്ഛമായ ദിവസവേതനമായിരുന്നു ലഭിച്ചത്.
തീർത്താൽ
തീരാത്ത നന്ദി
ആന കുത്തിയാലും വേണ്ടില്ല, കാടിന്റെ മക്കൾക്ക് അക്ഷരം പകർന്നുനൽകാൻ ഞങ്ങളുണ്ടാവും. വർഷങ്ങളുടെ കാത്തിരിപ്പിന് സർക്കാർ സന്തോഷം പകർന്നു–-നിലമ്പൂർ ചാലിയാറിലെ അമ്പുമല കോളനിയിലെ ബദൽ സ്കൂൾ അധ്യാപിക മിനിയുടെ വാക്കുകൾ. സർക്കാരിനോട് ഏറെ കടപ്പാടുണ്ട്, ഞങ്ങളോടൊപ്പംനിന്ന്, വിഷമം മനസ്സിലാക്കിയതിന് –- മിനി പറഞ്ഞു.