എന്നാൽ നിങ്ങൾ ‘മസാല ദോശ ഐസ്ക്രീം’ എന്ന വിഭവത്തെപ്പറ്റി കേട്ടിട്ടുണ്ടോ? ഞെട്ടണ്ട, അങ്ങനെ ഒന്നുണ്ട്. ദിവ്യ ഭണ്ഡാരി കാംറ എന്ന് പേരുള്ള ട്വിറ്റെർ പേജിലാണ് മസാല ദോശ ഐസ്‌ക്രീമിന്റെ വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. അടുത്തിടെ ട്രെൻഡ് ആയ ഐസ് ക്രീം റോൾ രീതിയിലാണ് തയ്യാറാക്കിയിരിക്കുന്നത്.
മസാല ദോശ ഒരു തണുത്ത പ്രതലത്തിലേക്ക് വച്ച് ചട്ടുകം പോലുള്ള ഒന്ന് ഉപയോഗിച്ച് ചെറു കഷണങ്ങളാക്കുന്നു. പിന്നീട് അതിൽ ക്രീം ഒഴിച്ച് വീണ്ടും നന്നായി ഇളക്കി യോജിപ്പിക്കുന്നു. ഒടുവിൽ ഈ മിശ്രിതം തണുത്ത പ്രതലത്തിൽ പരത്തി വച്ച ശേഷം ചെറിയ റോളുകളാക്കി മാറ്റുന്നു. ഇത് ഒരു പാത്രത്തിലേക്ക് മാറ്റുന്നു. രസകരമായ കാര്യം മസാല ദോശ വിളമ്പുന്നതുപോലെ സാമ്പാറും, ചട്ട്ണിയും ഉപയോഗിച്ചാണ് മസാല ദോശ ഐസ്ക്രീമും കഴിക്കേണ്ടത്.
വീഡിയോ എവിടെ നിന്നുള്ളതാണ് എന്ന് അവ്യക്തമാണ്. ഏതായാലും മസാല ദോശ ആരാധകരുടെ രോഷത്തിന് സാല ദോശ ഐസ്ക്രീം ഇരയാവുന്നുണ്ട്. സമൂഹ മാധ്യമങ്ങളിൽ നിരവധി പേരാണ് മസാല ദോശ ഐസ്ക്രീം ‘അൺസഹിക്കബിൾ’ (അസഹ്യമായത് എന്നതിന്റെ ഇംഗ്ലീഷ് + മലയാളം സങ്കര ഭാഷാപ്രയോഗം) എന്ന് പോസ്റ്റ് ചെയ്തിരിക്കുന്നത്. വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്ന ദിവ്യ ഭണ്ഡാരി കാംറ തന്നെ കൊടുത്തിരിക്കുന്ന അടിക്കുറിപ്പ് ‘ഇതാണ് യഥാർത്ഥ മഹാമാരി’ എന്നാണ്.
“ന്യുട്ടെല്ല ബിരിയാണി, ഓറിയോ ബജി, ച്യവനപ്രാശം ഫ്ലേവറിലുള്ള ഐസ്ക്രീം, പാസ്ത ദോശ, പരിപ്പ് ബിരിയാണി, മാഗ്ഗി മിൽക്ക്ഷേക്ക്, മുളക് ഐസ്ക്രീം, റൂഹ് അഫ്സ മാഗി, ഫ്രൂട്ട് ഫയർ ദോശ, ഗുലാബ് ജാമുൻ സമോസ ഒക്കെ നമ്മൾ സഹിച്ചില്ലേ, അപ്പോൾ പിന്നെ ഇതും സഹിക്ക തന്നെ” എന്നാണ് ഒരാളുടെ കമന്റ്.