സംസ്ഥാന സർക്കാർ ഞായറാഴ്ച പുറത്തുവിട്ട കൊവിഡ് കണക്കുകൾ പ്രകാരം പുതിയതായി 18,123 പേർക്കാണ് കൊവിഡ് ബാധയുണ്ടായത്. തിരുവനന്തപുരം ജില്ലയിൽ 3917 പേർക്കും എറണാകുളം 3204 പേർക്കും കൊവിഡ് ബാധയുണ്ടായതാണ് ആശങ്ക നിലനിർത്തുന്നത്. എറണാകുളത്തെ ടിപിആര്‍ 36.87 ആണ്. തൃശൂര്‍ 1700, കോഴിക്കോട് 1643, കോട്ടയം 1377 ജില്ലകളിൽ ആയിരത്തിന് മുകളിലാണ് കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തത്.
പ്രതിവാര ഇന്‍ഫെക്ഷന്‍ പോപ്പുലേഷന്‍ റേഷ്യോ (WIPR) പത്തിന് മുകളിലുള്ള 5 തദ്ദേശ സ്വയംഭരണ പ്രദേശങ്ങളിലായി 6 വാര്‍ഡുകളാണ് കേരളത്തിലുള്ളത്. രാജ്യത്തെ വിവിധ നഗരങ്ങളിൽ കൊവിഡ് ടിപിആർ 30 കടക്കുന്നുണ്ടെങ്കിലും സംസ്ഥാനത്തെയാകെയുള്ള ടിപിആർ മുപ്പതിന് മുകളിൽ എത്തിയതാണ് കേരളത്തിൽ ആശങ്കയുണ്ടാക്കുന്നത്. സംസ്ഥാനത്ത് കൊവിഡിൻ്റെ അതിതീവ്ര വ്യാപനം ഉണ്ടാകാനുള്ള സാധ്യത നിലവിലുണ്ടെന്ന് ആരോഗ്യമന്ത്രി കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. നിലവിൽ 78 സജീവ കൊവിഡ് ക്ലസ്റ്ററുകൾ സംസ്ഥാനത്തുണ്ട്. ഡെൽറ്റയും ഒമിക്രോണും ഒരു പോലെയുണ്ടെന്നുള്ളതാണ് കേരളത്തിലെ സാഹചര്യമെന്നും മന്ത്രി കഴിഞ്ഞ ദിവസം പറഞ്ഞു. എല്ലാവരും ജാഗ്രത പാലിക്കേണ്ട സമയമാണിത്. സ്ഥാപനങ്ങൾ കേന്ദ്രീകരിച്ചാണ് കൊവിഡ് വ്യാപനം ഉണ്ടാകുന്നതെന്നും മന്ത്രി കൂട്ടിച്ചേർത്തു.
സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 2,17,670 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 2,13,251 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 4419 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 528 പേരെയാണ് പുതുതായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. നിലവില്‍ 1,03,864 കൊവിഡ് കേസുകളില്‍, 4 ശതമാനം വ്യക്തികള്‍ മാത്രമാണ് ആശുപത്രി/ഫീല്‍ഡ് ആശുപത്രികളില്‍ പ്രവേശിപ്പിക്കപ്പെട്ടിട്ടുള്ളത്. 1,03,864 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്.