കൊച്ചി > കാലിക്കറ്റ് യൂണിവേഴ്സിറ്റി മുൻ പ്രോ വൈസ് ചാൻസലറും മഹാരാജാസ് കോളേജ് പ്രിൻസിപ്പലുമായിരുന്ന പ്രൊഫസർ എം കെ പ്രസാദ് അന്തരിച്ചു. കോവിഡ് ബാധിതനായി ചികിത്സയിലായിരുന്നു.
പ്രകൃതി സംരക്ഷണത്തിന്റേയും സുസ്ഥിര വികസനത്തിന്റേയും ഇന്ത്യയിലെ അറിയപ്പെടുന്ന പ്രഭാഷകനും, പ്രകൃതി സ്നേഹിയുമാണ്. ബയോളജിസ്റ്റായി പഠനം പൂർത്തിയാക്കി (ബോട്ടണിയിൽ ബിരുദാനന്തര ബിരുദം). 30 കൊല്ലത്തോളം വിദ്യാഭ്യാസരംഗത്ത് ഉയർന്ന നിലകളിൽ പ്രവർത്തിച്ചു. കേരളത്തിലെ സന്നദ്ധ പ്രകൃതി സംരക്ഷണ പ്രവർത്തനത്തിന് അടിത്തറ പാകിയ കേരള ശാസ്ത്ര സാഹിത്യ പരിഷത്തിനൊപ്പം സേവ് സൈലന്റ് വാലി എന്ന ശ്രദ്ധേയമായ ക്യാമ്പെയിന് നേതൃത്വം നൽകി. പാലക്കാട് ജില്ലയിലെ മുണ്ടൂരിലെ പരിഷത്തിന്റെ ഐആർടിസി ( Integrated Rural technology Centre } യുടെ നിർമ്മാണത്തിന് അദ്ദേഹം ഊർജ്ജം നൽകി.
വീട്ടാവശ്യങ്ങൾക്കായുള്ള പരമ്പരാഗതമല്ലാത്ത ഊർജ്ജ നിർമ്മാണത്തിൽ പുതുവഴികൾ തേടാൻ അദ്ദേഹം പ്രയത്നിച്ചു. യൂണൈറ്റഡ് നാഷണിന്റെ മില്ലേനിയം എക്കോസിസ്റ്റം അസ്സെസ്മെന്റ് ബോർഡിൽ അഞ്ച് വർഷത്തിലധികം വിവിധ മേഖലകളിൽ ഇടപെടുകയും, സജീവ പ്രവർത്തനങ്ങൾ നടത്തുകയും ചെയ്തു. അതിലൊന്നാണ് വേൾഡ് വൈഡ് ഫണ്ട് ഓഫ് നേച്ച്വറിലെ പ്രവർത്തനങ്ങൾ.
വയനാട്ടിൽ സ്ഥിതി ചെയ്യുന്ന എം എസ് സ്വാമിനാഥൻ റിസർച്ച് ഫൈണ്ടേഷനിലെ പ്രോഗ്രാം അഡ്വൈസറി കമ്മിറ്റി ചെയർപേഴ്സനായിരുന്നു. ഗവർണമെന്റ് കൗൺസിലിന്റെ സെന്റർ ഓഫ് എൻവയൺമെന്റ് എഡ്യുക്കേഷനിലും കേരള സംസ്ഥാന ബയോഡൈവേഴ്സിറ്റി ബോർഡിലും അംഗമായിരുന്നു. നിരവധി പുസ്തകങ്ങൾ എഴുതിയിട്ടുണ്ട്. അവയിൽ പരിസ്ഥിതി പ്രശ്നങ്ങളെക്കുറിച്ചുള്ളതും, സൈലന്റ് വാലി ഹൈഡ്രോ ഇലക്ട്രിക് പ്രോജക്റ്റിന്റേതുമായ മലയാളത്തിലെ മോണോഗ്രാമുകളാണ് ഏറെ പ്രശസ്തം.