ചിറ്റാർ
ആദിവാസി വിഭാഗക്കാരായ 700 പേർക്ക് പ്രത്യേക റിക്രൂട്ട്മെന്റിലൂടെ സർക്കാർ സർവീസിൽ നിയമനം നൽകുമെന്ന് മന്ത്രി കെ രാധാകൃഷ്ണൻ പറഞ്ഞു. അഞ്ഞൂറുപേരെ ഫോറസ്റ്റ് ഫീൽഡ് ഓഫീസറായും ഇരുനൂറ് പേരെ എക്സൈസ് വകുപ്പിലേക്കും ഉടന് നിയമിക്കും. വൈദ്യുതി എത്താത്ത ഊരുകളില് വൈദ്യുതി ലഭ്യമാക്കും. ശബരിമല വനാന്തരങ്ങളിലെ ആദിവാസി ഊരുകൾ സന്ദർശിച്ചശേഷമാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്.
കോളനികളിൽ വനം, പൊലീസ്, എക്സൈസ് വകുപ്പുകൾ ഗുണപരമായി ഇടപെടണം. ഉദ്യോഗസ്ഥർ ഉത്തരവാദിത്വം കൃത്യമായി നിറവേറ്റണം. ആദിവാസികൾക്ക് ഭൂമിയും വീടും കുട്ടികൾക്ക് മെച്ചപ്പെട്ട വിദ്യാഭ്യാസവും നൽകാനാണ് സർക്കാർ ലക്ഷ്യമിടുന്നത്. പലരും സ്ഥിരമായി ഒരു സ്ഥലത്ത് കഴിയാത്തതിനാൽ ഈ സൗകര്യം ലഭിച്ചിരുന്നില്ല. ഇവരെ സ്ഥിരമായി ഒരു സ്ഥലത്ത് താമസിപ്പിക്കാനുള്ള നടപടി സ്വീകരിക്കുന്നുണ്ട്. ഊരുകളിലെത്തി വിശേഷങ്ങൾ ചോദിച്ചറിഞ്ഞ മന്ത്രിയും സംഘവും അവർക്കൊപ്പം ഭക്ഷണവും കഴിച്ചാണ് മടങ്ങിയത്.