കോട്ടയം
കന്യാസ്ത്രീയെ ബലാത്സംഗംചെയ്തെന്നതിന് രാജ്യത്ത് ബിഷപ് പ്രതിയായ ആദ്യകേസ് മൊഴിയിൽ അവിശ്വാസം പ്രകടിപ്പിച്ച് കോടതി വെറുതെവിട്ടത് കൂടുതൽ നിയമചർച്ചക്കും നടപടികൾക്കും വഴിതുറന്നു. ബലാത്സംഗ കേസിൽ കോടതിയുടെ വ്യത്യസ്ത വിധികൾക്ക് വ്യത്യസ്ത വ്യാഖ്യാനങ്ങൾ നൽകിയതാണ് കന്യാസ്ത്രീയെ ബലാത്സംഗംചെയ്തെന്ന കേസിൽ പ്രതിയായ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ വെറുതെ വിടാൻ ഇടയാക്കിയതെന്ന് നിയമവൃത്തങ്ങൾ.
വ്യക്തമായ കാരണം ബോധിപ്പിച്ചാൽ, ക്രിമിനൽ കേസിൽ പരാതി കൊടുക്കാൻ വൈകിയത് സാധാരണ പരിഗണിക്കപ്പെടാറില്ല. കന്യാസ്ത്രീകളുടെ പരമാധികാരി പ്രതിസ്ഥാനത്ത് നിൽക്കുമ്പോൾ അദ്ദേഹത്തിന്റെ വഴിവിട്ട ചെയ്തികൾ തുറന്നുപറയാൻ മടിച്ചത് സ്വാഭാവികം. ആദ്യപരാതിയിൽ ഇക്കാര്യം പറഞ്ഞില്ലെന്നത് ബാലിശമായ നിരീക്ഷണമാണ്. സഹികെടുമ്പോഴോ, ആരെങ്കിലും മനോബലം നൽകിയാലോ മാത്രമേ പരാതിപ്പെടാൻ തുനിയൂ. 13 തവണ പീഡിപ്പിച്ചപ്പോഴും ഗസ്റ്റ് ഹൗസിന്റെ അടുത്ത മുറിയിൽ ആരും ഇല്ലായിരുന്നു എന്ന് തെളിയിക്കാൻ അന്വേഷണ ഉദ്യോഗസ്ഥർക്ക് സാധിച്ചില്ലെന്ന് പറയുന്നതും ചോദ്യംചെയ്യപ്പെടുന്നുണ്ട്. സത്യം പലഘട്ടങ്ങളിലായി പുറത്തുപറയുന്നത് തെറ്റല്ലെന്നും നിയമവിദഗ്ധർ പറയുന്നു.
മറ്റൊന്ന് മൊഴിയിലെ വൈരുധ്യങ്ങളാണ്. മദ്രാസ് ഹൈക്കോടതിയുടെ പ്രേംകുമാർ കേസിൽ നാലാം ക്ലാസികാരിക്ക് നേരെയുണ്ടായ ലൈംഗികാതിക്രമ കേസിലും സമാന പോരായ്മ പ്രതിഭാഗം ചൂണ്ടിക്കാട്ടിയിട്ടും കോടതി ശിക്ഷിച്ചു. പരാതികൊടുക്കാൻ വൈകിയത് കുറ്റമല്ലെന്നും ഇരയും സാക്ഷിയും കൂറുമാറിയിട്ടും മൊഴിയുടെ ഒരുഭാഗവും മജിസ്ട്രേറ്റിനുനൽകിയ മൊഴിയും മാത്രം അംഗീകരിച്ചാണ് വിചാരണക്കോടതി പ്രതിയെ ശിക്ഷിച്ചത്.