തിരുവനന്തപുരം
സിൽവർ ലൈനിന്റെ ചെലവും യാത്രാനിരക്കും ഇ ശ്രീധരന്റെ ഡിഎംആർസി ആവിഷ്കരിച്ച കേരള ഹൈസ്പീഡ് റെയിൽ കോറിഡോർ പദ്ധതിയേക്കാൾ ഏറെ കുറവ്. യാത്രക്കാരുടെ എണ്ണത്തിൽ വലിയ വ്യത്യാസവുമില്ല. 2016ലാണ് കേരള ഹൈ സ്പീഡ് റെയിൽ കോറിഡോറിനുവേണ്ടി ഇ ശ്രീധരൻ പ്രിൻസിപ്പൽ അഡ്വൈസറായി ഡിപിആർ തയ്യാറാക്കിയത്. പദ്ധതിരേഖ തയ്യാറാക്കുമ്പോൾ സമാന പദ്ധതികൾ വിലയിരുത്തും. ഇതിന്റെ ഭാഗമായാണ് ഡിഎംആർസി തയ്യാറാക്കിയ ഡിപിആർ പഠിച്ച് സിൽവർ ലൈനിനുവേണ്ടി പദ്ധതിരേഖ തയ്യാറാക്കിയത്. ഇതോടൊപ്പം ഹൈസ്പീഡ് റെയിൽ കോറിഡോറിനുവേണ്ടി 2017ൽ ഇമാക്സ് തയ്യാറാക്കിയ ട്രാഫിക് ആൻഡ് ട്രാൻസ്പോർട്ടേഷൻ പഠന റിപ്പോർട്ടും പരിശോധിച്ചു.
ഹൈസ്പീഡ് പദ്ധതിയുടെ ചെലവ് 1.08 ലക്ഷം കോടിയാണ്. ടിക്കറ്റ് നിരക്ക് കിലോമീറ്ററിന് അഞ്ചുമുതൽ ആറുരൂപവരെ. സിൽവർ ലൈനിനാകട്ടെ ചെലവ് 63,940.67 കോടിരൂപയും. ടിക്കറ്റ് നിരക്ക് 2.75 രൂപയാണ്. 80,000 പേരെയാണ് ഡിഎംആർസി പ്രതീക്ഷിക്കുന്നത്. എന്നാൽ, സിൽവർ ലൈനിൽ 2025ൽ എൺപതിനായിരത്തോളംപേർ യാത്ര ചെയ്യുമെന്നാണ് ഡിപിആറിൽ ഉള്ളത്. നേരത്തെ ഈ പദ്ധതിയെ സ്വാഗതംചെയ്ത ഇ ശ്രീധരനും രാഷ്ട്രീയ മാറ്റത്തിന്റെ ഭാഗമായി നിലപാടു മാറ്റി ഇപ്പോൾ സിൽവർ ലൈനിനെതിരെ തെറ്റായ പ്രചാരണം നടത്തുന്നുണ്ട്.