കൊച്ചി
ക്രിസ്മസ് റിബേറ്റ് 10 ദിവസം നീട്ടിയ സർക്കാർ തീരുമാനം കൈത്തറി മേഖലയ്ക്ക് പുത്തനുണർവായി. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ഇത്തവണ വിൽപ്പന ഇരട്ടിയിലധികമായി. ഡിസംബർ 20 മുതൽ 24 വരെയാണ് 20 ശതമാനം റിബേറ്റ് വിൽപ്പന പ്രഖ്യാപിച്ചിരുന്നത്. ഇത് 31 വരെ നീട്ടി. അതിനാൽ മികച്ച വിൽപ്പന ലഭിച്ചതായി ഹാൻടെക്സ് ബോർഡ് അംഗം ടി എസ് ബേബി പറഞ്ഞു.
പറവൂർ 3428 കൈത്തറി നെയ്ത്ത് സഹകരണസംഘത്തിന് 2020ൽ 12 ലക്ഷം രൂപയായിരുന്നു വിൽപ്പന. ഇത്തവണ ഇത് 28 ലക്ഷത്തിലധികമായി. കോവിഡ് മൂലമുള്ള അടച്ചുപൂട്ടലിൽ ഏറ്റവുമധികം ദുരിതം അനുഭവിച്ച മേഖലകളിലൊന്നാണ് കൈത്തറി. രണ്ടു വർഷത്തെ ഓണം, വിഷു വിപണിയാണ് കോവിഡ് മൂലം നഷ്ടമായത്.
ഇത് കണക്കിലെടുത്ത് സംസ്ഥാന സർക്കാർ നിരവധി പദ്ധതികളാണ് ആവിഷ്കരിച്ചത്. സർക്കാർ ജീവനക്കാരും എംഎൽഎമാരും ബുധനാഴ്ചകളിൽ കൈത്തറി വസ്ത്രം ധരിക്കണമെന്ന നിർദേശം നേരത്തേ നൽകിയിരുന്നു. വിൽപ്പന വർധിപ്പിക്കാൻ റിബേറ്റ് അടക്കമുള്ള കൂടുതൽ നടപടികൾ സ്വീകരിക്കാനും പദ്ധതിയുണ്ട്. ഇത് കണക്കിലെടുത്ത് ഉൽപ്പാദനം വർധിപ്പിക്കാനുള്ള ഒരുക്കത്തിലാണ് നെയ്ത്ത് സംഘങ്ങളും വ്യവസായികളും.