കണ്ണൂർ
ആറുമാസത്തിനിടെ പാലക്കാട് റെയിൽവേ ഡിവിഷനിൽ ജോലി ഉപേക്ഷിച്ചത് മുപ്പതു ലോക്കോപ്പെലറ്റുമാർ. കടുത്ത ജോലിഭാരവും മാനസികസമ്മർദവുമാണ് ജോലി ഉപേക്ഷിക്കുന്നതിന് പിന്നിൽ. കോവിഡ് പോസിറ്റീവായവരോടുപോലും റെയിൽവേ ഡോക്ടർ മരുന്നുകഴിച്ച് ഡ്യൂട്ടിയെടുക്കാൻ നിർദേശിച്ചിരുന്നു. സമ്പർക്കവിലക്ക് അവധി നൽകാത്തതോടെ കോവിഡ് ക്ലസ്റ്റർ രൂപപ്പെടുമെന്ന ഭീതിയുമുണ്ട്.
പാലക്കാട് ഡിവിഷനിൽ 220 ലോക്കോ പൈലറ്റും 282 അസിസ്റ്റന്റ് ലോക്കോ പൈലറ്റുമാണുള്ളത്. അസിസ്റ്റന്റ് ലോക്കോ പൈലറ്റുമാരിൽ 11 സ്ത്രീകളുമുണ്ട്. പാലക്കാടുനിന്നുള്ള ലോക്കോ പൈലറ്റുമാർക്ക് കോഴിക്കോടുവരെയും തിരിച്ചുമാണ് ഡ്യൂട്ടി. ആൾക്ഷാമത്തിന്റെപേരിൽ ഇപ്പോൾ എട്ട് മണിക്കൂർ ഡ്യൂട്ടി 13 മണിക്കൂർ വരെയാക്കി. പാലക്കാടുമുതൽ മംഗളൂരുവരെ ചരക്കുവണ്ടികൾ ഓടിക്കേണ്ടിവരുന്നുണ്ട്. മുപ്പത് മണിക്കൂർ വിശ്രമം എന്നതും നടപ്പാക്കുന്നില്ല. രാത്രിഡ്യൂട്ടി എടുത്തവർക്ക് മതിയായ ഉറക്കംലഭിക്കാതെയാണ് വീണ്ടും ജോലിയിൽ പ്രവേശിക്കേണ്ടിവരുന്നത്. തുടർച്ചയായി നാലുദിവസം രാത്രിഡ്യൂട്ടി എടുക്കേണ്ടിവരുന്നവരും ഏറെയാണ്. അവധിയും ട്രെയിനിങ്ങുമെല്ലാം നാമമാത്രമായി.
രണ്ടര വർഷമായി ലോക്കോ പൈലറ്റുമാർക്ക് പാലക്കാട് ഡിവിഷനിൽ സ്ഥാനക്കയറ്റം നൽകിയിട്ടില്ല. മറ്റു ഡിവിഷനുകളിൽ സ്ഥാനക്കയറ്റം നൽകിയപ്പോഴും പാസഞ്ചർ ട്രെയിനുകൾ ഓടുന്നില്ലെന്ന കാരണത്താലാണ് പാലക്കാട് ഡിവിഷൻ സ്ഥാനക്കയറ്റം തടഞ്ഞത്. പാലക്കാട് ഡിവിഷനിൽ പാസഞ്ചർ ട്രെയിനുകളെല്ലാം എക്സ്പ്രസായാണ് ഓടിക്കുന്നത്. ആൾക്ഷാമം രൂക്ഷമായതോടെ ഗുഡ്സ് ലോക്കോ പൈലറ്റുമാരെയാണ് പാസഞ്ചർ ട്രെയിനുകൾ ഓടിക്കാൻ നിയോഗിക്കുന്നത്.
റെയിൽവേ നിയോഗിച്ച ഉന്നതാധികാര സമിതി ജോലിസമയം എട്ടുമണിക്കൂറാക്കാനും വിശ്രമസമയം നാൽപ്പത് മണിക്കൂറാക്കാനും നിർദേശിച്ചെങ്കിലും നടപ്പാക്കുന്നില്ല.