കൊച്ചി: തൃക്കാക്കര നഗരസഭാ യോഗത്തിലേക്ക് പ്രതിപക്ഷത്തിന്റെ മാർച്ച്. പി.ടി. തോമസ് എംഎൽഎയുടെ മൃതദേഹം പൊതുദർശനത്തിനുവെച്ചപ്പോൾ ഒന്നര ലക്ഷം രൂപയുടെ പൂക്കൾ വാങ്ങിയതിനെതിരെ പ്രതിപക്ഷം നഗരസഭാ സെക്രട്ടറിക്ക് പരാതി നൽകിയിരുന്നു. ഇതിൽ അന്വേഷണം ആവശ്യപ്പെട്ടാണ് മാർച്ച് നടത്തിയത്.
തൃക്കാക്കര നഗരസഭയുടെ ഉടമസ്ഥതയിലുള്ള തൃക്കാക്കര കമ്മ്യൂണിറ്റി ഹാളിലാണ് പി.ടിയുടെ മൃതദേഹം പൊതുദർശനത്തിന് വെച്ചത്. കമ്മ്യൂണിറ്റി ഹാളും മൃതദേഹം വെച്ച മേശയും അലങ്കരിക്കാൻ 1,27,000 രൂപയുടെ പൂക്കൾ വാങ്ങിയെന്ന കണക്കുകൾ നേരത്തെ പുറത്തുവന്നിരുന്നു.പൂക്കൾ ഉപയോഗിക്കരുതെന്നും ഒരിലപോലും പറിക്കരുതെന്നും അന്ത്യാഭിലാഷത്തിൽ പറഞ്ഞിരുന്ന പി.ടി. തോമസിനെ അപമാനിക്കുന്ന നടപടിയാണിതെന്നാണ് പ്രതിപക്ഷം പറയുന്നത്.
ഇത്രയും വലിയ തുക ചെലവഴിക്കുമ്പോൾ പ്രതിപക്ഷവുമായി ആലോചിക്കാത്തതിൽ അഴിമതിയുണ്ടെന്നാണ് ആരോപണം. ശനിയാഴ്ചനഗരസഭാ കൗൺസിൽ യോഗം ചേരുമ്പോൾ പ്രതിപക്ഷ അംഗങ്ങൾ പ്രതിഷേധ സൂചകമായി പൂക്കൾ കൈയിൽ പിടിച്ചാണ് യോഗത്തിനെത്തിയത്.
Content Highlights: CPM alleges corruption of over one lakh rupees in Thrikkakkara Muncipality