കൊച്ചി: നടിയെ ആക്രമിച്ച കേസിൽ ദിലീപിന് ദൃശ്യങ്ങൾ എത്തിച്ചുനൽകിയത് കോട്ടയം സ്വദേശിയായ വിഐപിയെന്ന് സൂചന. ഇയാളെ സംബന്ധിച്ച വിവരങ്ങൾ പോലീസിന് ലഭിച്ചതായാണ് വിവരങ്ങൾ. നടിയെ ആക്രമിക്കുന്ന ദൃശ്യങ്ങൾ ദിലീപിന്റെ കൈവശം എത്തിച്ച വിഐപിയെക്കുറിച്ച് നേരത്തെ തന്നെ ബാലചന്ദ്രകുമാറിന്റെ മൊഴിയിൽ സൂചനകളുണ്ടായിരുന്നു.
2017 നവംബർ 15ന് ദിലീപിന്റെ ആലുവയിലെ വസതിയായ പത്മസരോവരത്തിൽ ഒരു വിഐപിയാണ് നടിയെ ആക്രമിച്ച ദൃശ്യങ്ങൾ എത്തിച്ചു നൽകിയത് എന്നതായിരുന്നു ബാലചന്ദ്രകുമാറിന്റെ മൊഴി. ഇതിൽ പോലീസ് സംശയിച്ചിരുന്നത് നാല് പേരെയായിരുന്നു. ഇവരിൽ ചിലരുടെ ചിത്രങ്ങൾ പോലീസ് ബാലചന്ദ്ര കുമാറിനെ ആദ്യഘട്ടത്തിൽ കാണിച്ചിരുന്നെങ്കിലും അവരല്ലെന്ന് അദ്ദേഹം മൊഴിനൽകുകയായിരുന്നു.
തുടർന്നാണ് കോട്ടയം സ്വദേശിയായ വിഐപിയിലേക്ക് പോലീസിന്റെ സംശയങ്ങൾ എത്തിനിൽക്കുന്നത്. പ്രവാസി മലയാളിയായ ഇയാൾക്ക് വിദേശത്ത് ചില വ്യവസായ സംരംഭങ്ങളുണ്ടെന്നാണ് വിവരം. ദിലീപുമായി അടുത്ത ബന്ധമുള്ള ഇയാളെയാണ് പോലീസ് ഈ ഘട്ടത്തിൽ സംശയിക്കുന്നത്. വിഐപിയുടെ ശബ്ദസാമ്പിളടക്കം ബാലചന്ദ്രകുമാർ പോലീസിന് കൈമാറിയിട്ടുണ്ട്. ഇത് പരിശോധിച്ച ശേഷം ഇക്കാര്യത്തിൽ ഒരു സ്ഥിരീകരണം ഉണ്ടായേക്കും. ഇതിനുള്ള നടപടിക്രമങ്ങളിലേക്ക് പോലീസ് കടന്നതായാണ് വിവരം.
Content Highlights: Kottayam based business man suspected to be VIPin actress abduction alleged by Balachandrakumar