മഞ്ചേരി > ധീരജ് രാജേന്ദ്രന്റെ കൊലപാതകത്തിൽ പ്രതിഷേധിച്ച എസ്എഫ്ഐ പ്രവർത്തകരെ അധ്യാപകർ ഭീഷണിപ്പെടുത്തിയത് അന്വേഷിക്കാനെത്തിയ ഏരിയാ സെക്രട്ടറി ഉൾപ്പെടെയുള്ള നേതാക്കളെ മുറിയിൽ പൂട്ടിയിട്ട് മർദിച്ചു. പൂക്കളത്തൂർ സിഎച്ച്എംഎച്ച്എസ്എസിലെ അധ്യാപകരാണ് സംഘംചേർന്ന് മർദിച്ചത്. ഗുരുതരമായി പരിക്കേറ്റു. ഏരിയാ സെക്രട്ടറി വി അഭിജിത്ത് (25), പ്രസിഡന്റ് നിധിൻ കണ്ണാടിയിൽ (24), ലോക്കൽ സെക്രട്ടറി സി റിഫി (22) എന്നിവരെ വ്യാഴാഴ്ച രാവിലെ സ്കൂളിലെ പ്രധാനാധ്യാപികയുടെ ഓഫീസിൽ പൂട്ടിയിട്ടാണ് ലീഗ്, കോൺഗ്രസ് അധ്യാപക സംഘടനാ നേതാക്കൾ മർദിച്ചത്. ഗുരുതരമായി പരിക്കേറ്റ ഇവരെ മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ മഞ്ചേരി പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
ധീരജിന്റെ കൊലപാതകത്തിൽ പ്രതിഷേധിച്ച് ബുധനാഴ്ച രാവിലെ സ്കൂളിൽ വിദ്യാർഥികൾ പ്രതിഷേധിച്ചിരുന്നു. തുർന്ന് പത്താംതരം വിദ്യാർഥിയെ അധ്യാപകർ ഫോണിൽ വിളിച്ച് ഭീഷണിപ്പെടുത്തി. എസ്എഫ്ഐയിൽനിന്ന് രാജിവയ്ക്കണമെന്നും അല്ലാത്തപക്ഷം സ്കൂളിൽ പ്രവേശിപ്പിക്കില്ലെന്നും പറഞ്ഞു. ഇക്കാര്യം നേരിട്ട് അന്വേഷിക്കാനാണ് എസ്എഫ്ഐ നേതാക്കൾ സ്കൂളിൽ എത്തിയത്. പ്രധാനാധ്യാപിക എ ജയശ്രീയുമായി സംസാരിക്കുന്നതിനിടെ കോൺഗ്രസ് മണ്ഡലം സെക്രട്ടറി നാസർ, മുസ്ലിം ലീഗ് മുൻ പഞ്ചായത്ത് ഭാരവാഹി പി സി അബ്ദുൽ ജലീൽ, അധ്യാപകരായ കെ സി സുബ്രഹ്മണ്യൻ, അനിരുദ്ധൻ ഉൾപ്പെടെ പത്തോളം പേർ സംഘടിച്ച് മുറി പൂട്ടിയിട്ടശേഷം വിദ്യാർഥികളെ മർദിക്കുകയായിരുന്നു.
സ്കൂൾ ജീവനക്കാരനായ നാസർ ഇരുമ്പ് കമ്പികൊണ്ടാണ് റാഫിയെ അടിച്ചത്. തടയാൻ ശ്രമിച്ച നിധിനെ നിലത്തിട്ട് മർദിച്ചു. ആക്രമണത്തിൽ നിധിന്റെ തോളെല്ല് ഒടിഞ്ഞു, കൈമുട്ട് പൊട്ടി, തലയ്ക്കും ക്ഷതമേറ്റു. അഭിജിത്തിന്റെ നാഭിയിലാണ് ചവിട്ടിയത്. നെഞ്ചിന് ചവിട്ടേറ്റതോടെ ബോധരഹിതനായി. റാഫിയുടെ വലത്തേ ചെവിയുടെ ഭാഗത്താണ് പരിക്ക്. സംഭവത്തിൽ പ്രതിഷേധിച്ച് സ്കൂളിലേക്ക് എസ്എഫ്ഐ പ്രതിഷേധമാർച്ച് സംഘടിപ്പിച്ചു. സംഭവത്തിൽ കുറ്റക്കാരായ അധ്യാപകർക്കെതിരെ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് ഡിവൈഎഫ്ഐ പ്രവർത്തകരും ടൗണിൽ പ്രതിഷേധം സംഘടിപ്പിച്ചു.