ഇടുക്കി: ദേവികുളം മുൻ എംഎൽഎ എസ് രാജേന്ദ്രനെതിരെ നടപടിയുമായി റവന്യൂ വകുപ്പ്. രാജേന്ദ്രൻ കൈയേറിയ സർക്കാർ ഭൂമി ഒഴിയണമെന്ന് റവന്യൂ വകുപ്പ് നിർദേശം നൽകി കൈയേറിയ സ്ഥലത്ത് വേലികെട്ടി നടത്തുന്ന നിർമ്മാണ പ്രവൃത്തികൾ നിർത്തിവെക്കണമെന്നും ഭൂമി ഒഴിയണമെന്നും ഉത്തരവിൽ പറയുന്നു. ബുധനാഴ്ചയായിരുന്നു ഭൂമി കൈയേറ്റം ഉണ്ടായതെന്നാണ് പുറത്തുവരുന്ന വിവരം.
എസ് രാജേന്ദ്രന്റെ കൈവശമുള്ള ഇക്കാ നഗറിലുള്ള നാല് സെന്റ് ഭൂമിയോട് ചേർന്ന് എട്ട് സെന്റ് ഭൂമി കൈയേറാനുള്ള ശ്രമമാണ് നടന്നതെന്നാണ് ആരോപണം. കോൺക്രീറ്റ് തൂണുകൾ സ്ഥാപിച്ച് വേലി കെട്ടി തിരിക്കാനുള്ള നിർമ്മാണ ജോലികൾ ആരംഭിക്കുകയായിരുന്നു. ഇതിനിടയിലാണ് വിഷയം റവന്യൂ വകുപ്പിന്റെ ശ്രദ്ധയിൽ പെടുന്നത്. തുടർന്ന് വില്ലേജ് ഓഫീസർ സ്ഥലത്തെത്തി കൈയേറ്റം ഒഴിപ്പിക്കുന്നതുമായി ബന്ധപ്പെട്ട പ്രാരംഭ നടപടികൾ ആരംഭിക്കുകയായിരുന്നു. ആദ്യഘട്ടത്തിൽ സ്റ്റോപ്പ് മെമോയാണ് നൽകിയിരിക്കുന്നത്.
Content Highlights: stop memo to s rajendran