മംഗളൂരു > റോഡരികിൽ വിശ്രമിക്കുകയായിരുന്ന അതിഥി തൊഴിലാളിയുടെ മൊബൈൽ മോഷ്ടിച്ച് കടന്നു കളഞ്ഞ സംഘത്തിനെ മിനുറ്റുകൾക്കം സിനിമ സ്റ്റെലിൽ പിടികൂടി പൊലീസ്. മംഗളൂരു നെഹ്റു മൈതാനിക്കടുത്ത് റോഡരികിൽ വിശ്രമിക്കുകയായിരുന്ന രാജസ്ഥാൻ ഡോളാപൂർ സ്വദേശി മംഗളൂരുവിൽ ഗ്രാനൈറ്റ് തൊഴിലാളിയായ പ്രേം നാരായണൻ ത്യാഗിയുടെ മൊബൈലാണ് സംഘം കവർന്നത്.
മൊബൈലുമായി കടന്നു കളഞ്ഞ സംഘത്തിനു പിന്നാലെ ത്യാഗി ഓടുന്നത് കണ്ട് കമ്മീഷണർ ഓഫീസിലെ പൊലീസ് കൂട്ടത്തിലൊരുത്തനെ പിടികൂടി. പിടിയിലായവനെ കൊണ്ട് വിളിപ്പിച്ച് സംഘാംഗമുള്ള സ്ഥലം മനസിലാക്കിയ പൊലീസ് അങ്ങോട്ട് കുതിച്ചു. പൊലീസിനെ കണ്ട് മോഷ്ടാവ് ഓടി രക്ഷപെടാൻ ശ്രമിച്ചു. ഒരു കിലോമീറ്ററോളം പിന്നാലെ ഓടി ഇയാളെ കീഴ്പ്പെടുത്തിയ എഎസ്ഐ വരുൺ ആൽവയുടെ ദൃശ്യങ്ങളാണ് വൈറലായത്.
നീർമാർഗയിലെ ഹരീഷ് പൂജാരി, അത്താവറിലെ ഷമന്ത് എന്നിവരാണ് പിടിയിലായത്. സ്ഥിരമായി ഇത്തരത്തിലുള്ള കുറ്റകൃത്യത്തിൽ ഏർപ്പെടുന്ന സംഘത്തിലെ കണ്ണികളാണ് ഇരുവരും. പൊലീസ് സംഘത്തിന് കമ്മീഷണർ ശശികാന്ത് പത്തായിരം രൂപ റിവാർഡ് നൽകി. പൊലീസ് പിന്തുടർന്ന് പിടികൂടുന്ന ദൃശ്യങ്ങൾ കാണാം.