കൊച്ചി > അന്തരിച്ച എംഎല്എ പി ടി തോമസിന്റെ പേരിലും കോൺഗ്രസ് ഭരിക്കുന്ന തൃക്കാക്കര നഗരസഭയില് ലക്ഷങ്ങളുടെ ധൂര്ത്ത്. മൃതദേഹത്തിൽ റിത്തോ, പൂക്കളോ അർപ്പിക്കരുതെന്ന് നിര്ദ്ദേശം നല്കിയ നേതാവിന്റെ പൊതുദര്ശനത്തിന്റെ പേരിലാണ് 1,27,000 രൂപയുടെ പൂക്കള് വാങ്ങിയ കണക്ക് പുറത്തുവന്നത്.
തനിയ്ക്കായി ഒരു പൂവ് പോലും പറിയ്ക്കരുത് പുഷ്പചക്രം അര്പ്പിയ്ക്കരുത് എന്ന് മരിക്കും മുമ്പ് പി ടി തോമസ് നിർദ്ദേശം നൽകിയിരുന്നു. 117000 രൂപ പൂക്കള് നല്കിയ കച്ചവടക്കാരന് കൈമാറുകയും ചെയ്തു. തറയില് വിരിയ്ക്കാനുള്ള കാര്പറ്റ്, മൈക്ക്സെറ്റ്, ഭക്ഷണം തുടങ്ങിയ ഇനങ്ങള്ക്കായി ആകെ നാലര ലക്ഷം രൂപയാണ് ചിലവഴിച്ചിരിയ്ക്കുന്നത്. ഇതില് ഭക്ഷണത്തിന് മാത്രം ചിലവ് 35000 രൂപയാണ്. എന്നാൽ മൃതശരീരരത്തില് പൂക്കളോ പുഷ്പചക്രമോ അര്പ്പിയ്ക്കരുതെന്ന് മാത്രമേ പി ടി അന്ത്യാഭിലാഷമായി വ്യക്തമാക്കിയിരുന്നുള്ളൂ എന്ന് ചെയര്പേഴ്സണ് അജിതാ തങ്കപ്പന് ന്യായീകരിച്ചു.
പിടിയുടെ അന്ത്യാഭിലാഷം ലംഘിച്ച നഗരസഭ അദ്ദേഹത്തോട് അനാദരവ് കാട്ടിയെന്ന് പ്രതിപക്ഷം ആരോപിച്ചു. പ്രത്യേക പദ്ധതിയില്ലാതെ ഭരണസമിതിയ്ക്ക് ഇത്രയധികം തുക ചെലവഴിയ്ക്കാനാവില്ലെന്നും ചൂണ്ടിക്കാട്ടുന്നു. പൊതുദര്ശനത്തിനായി ചിലവാക്കിയ തുകയുടെ കണക്കുകള് ചടങ്ങിന്റെ ചിത്രങ്ങളും വീഡിയോയും പരിശോധിച്ചശേഷം അമിതമായി എഴുതിയെടുത്ത പണം ഉത്തരവാദികളില് നിന്ന് തിരിച്ച് പിടിയ്ക്കുന്നതിനുള്ള നടപടികള് സ്വകരിയ്ക്കണമെന്ന് പ്രതിപക്ഷം നഗരസഭാ സെക്രട്ടറിയിക്ക് നല്കിയ കത്തില് ആവശ്യപ്പെട്ടു.