തിരുവനന്തപുരം> പുരോഗമന കലാസാഹിത്യ പ്രസ്ഥാനത്തെ എക്കാലത്തും മുന്നിൽ നിന്നു നയിച്ച കേരളത്തിലെ സാഹിത്യ-സാംസ്കാരിക നായകനായിരുന്നു എസ് രമേശൻ എന്ന് പുരോഗമന കലാസാഹിത്യ സംഘം . മലയാളത്തിലെ പ്രിയപ്പെട്ട കവിയും, പുരോഗമന കലാസാഹിത്യ സംഘം മുൻ ജനറൽ സെക്രട്ടറിയുമായിരുന്ന എസ് രമേശന്റെ വിയോഗത്തിൽ സംഘം പ്രസിഡന്റ് ഷാജി എൻ കരുണും ജനറൽ സെക്രട്ടറി അശോകൻ ചരുവിലും അനുശോചിച്ചു.
എസ് എഫ് ഐ യിലൂടെയാണ് അദ്ദേഹം പൊതുപ്രവർത്തന രംഗത്തേക്ക് കടന്നു വരുന്നത്. ഏറണാകുളം മഹാരാജാസ് കോളേജിലെ ചെയർമാനായി തിരഞ്ഞെടുക്കപ്പെട്ടതോടെ എസ് രമേശൻ എന്ന പേര് പുരോഗമനവിദ്യാർത്ഥി പ്രസ്ഥാനത്തിൻ്റെ സർഗാത്മകതയും, പ്രതീക്ഷയുമായി ഉയർന്നു.
ദേശാഭിമാനി സ്റ്റഡി സർക്കിളിൻ്റെ സർഗാത്മക പ്രവർത്തനങ്ങളുടെ മുൻനിരയിൽ എസ് രമേശൻ ഉണ്ടായിരുന്നു. പുരോഗമന കലാസാഹിത്യ സംഘം ജനറൽ സെക്രട്ടറിയായിരുന്ന കാലം, പുരോഗമന കലാസാഹിത്യപ്രസ്ഥാനത്തിന് പുതിയ ഉണർവ് നൽകി. കേരളത്തിലെ എഴുത്തുകാരുടെയും കലാകാരന്മാരുടെയും വിപുലമായ ഐക്യനിര കെട്ടിപ്പടുക്കുന്നതിൽ എസ് രമേശൻ അവിശ്രമം പ്രവർത്തിച്ചു.
ഫാസിസത്തിനെതിരായ സാംസ്കാരിക മുന്നേറ്റങ്ങളുടെ മികച്ച സംഘാടകനായി നേതൃനിരയിൽ എസ് രമേശൻ ഉണ്ടായിരുന്നു. സാഹിത്യത്തിൻ്റെയും കലയുടെയും വൈവിധ്യമാർന്ന ഇടങ്ങളിൽ കേരളത്തിലെയും, ഇന്ത്യയിലെയും പ്രതിഭാധനരെ പങ്കാളികളാക്കി നടത്തിയ ഫാസിസ്റ്റ് വിരുദ്ധ പാഠശാലകളും, സംഗമങ്ങളും രൂപപ്പെടുത്തുന്നതിൽ പ്രധാന പങ്കു വഹിച്ചു. കേരളത്തിലുടനീളം ഉയർന്നു വന്ന വർഗീയ ഫാസിസ്റ്റുവിരുദ്ധ സർഗാത്മക മുന്നേറ്റങ്ങളുടെ മുന്നണി പോരാളിയായിരുന്നു എസ് രമേശൻ. ജീവിതത്തിന്റെ വലിയൊരു ഭാഗം തന്നെ പുരോഗമന കലാസാഹിത്യ പ്രസ്ഥാനത്തിന്റെ വളർച്ചക്കു വേണ്ടി സമർപ്പിതമായിരുന്നു.
സാമൂഹ്യ പ്രതിബദ്ധതയിലൂന്നിയ രചനകളിലൂടെ മലയാളത്തിലെ കവികളുടെ മുൻനിരയിൽ അദ്ദേഹമുണ്ടായിരുന്നു. അധ:സ്ഥിതൻ്റെ ആത്മ പ്രകാശനവും, കലുഷിത കാലത്തിൻ്റെ ആവിഷ്കാരവുമായിരുന്നു എസ് രമേശൻ്റെ കവിതകൾ. പോരാട്ടത്തിൻ്റെ കതിർക്കനമുള്ള ജ്വാലാമുഖങ്ങൾ കൊണ്ട് തീർത്ത കവിത എന്ന് അത് വിശേഷിപ്പിക്കപ്പെട്ടു. കവിത പുതിയ കാലത്തിൻ്റെയും ലോകത്തിൻ്റെയും ചലനങ്ങൾക്ക് കാതോർത്തു നിന്നു. ഉണർന്നു നിൽക്കുന്ന രാഷ്ട്രീയ സൗന്ദര്യമായിരുന്നു എസ് രമേശൻ്റെ കവിതകൾ. അടിച്ചമർത്തപ്പെട്ടവൻ്റെ വിങ്ങലും നിലവിളിയുമായിരുന്നു അത്. അപാരമായ മാനുഷികതയുടെ സൗന്ദര്യാവിഷ്കാരമായിരുന്നു എസ് രമേശൻ്റെ കവിതാലോകം.
ശിഥില ചിത്രങ്ങൾ, മലകയറുന്നവർ, അസ്ഥിശയ്യ, എനിക്കാരോടും പകയില്ല, കലുഷിത കാലം, ഹേമന്തത്തിലെ പക്ഷി, കറുത്ത കുറിപ്പുകൾ തുടങ്ങിയവയാണ് പ്രധാന കൃതികൾ. ചെറുകാട് അവാർഡ്, ശക്തി അവാർഡ് ,കേരള സാഹിത്യ അക്കാദമി അവാർഡ് ,എ പി കളയ്ക്കാട്അവാർഡ്,തുടങ്ങിയ പുരസ്കാരങ്ങൾ ലഭിച്ചിട്ടുണ്ട്.
സ്റ്റേറ്റ് ലൈബ്രറി കൗൺസിൽ നിർവാഹക സമിതി അംഗമായും, ഗ്രന്ഥാലോകം പത്രാധിപരായും, സാഹിത്യ പ്രവർത്തക സംഘം ഡയരക്ടറായും മികച്ച നിലയിൽ പ്രവർത്തിച്ചു. ടി.കെ.രാമകൃഷ്ണൻ സാംസ്കാരിക വകുപ്പു മന്ത്രിയായിരിക്കെ അദ്ദേഹത്തോടൊപ്പം പ്രവർത്തിച്ച രമേശൻ വൈലോപ്പിള്ളി സംസ്കൃതി ഭവൻ തുടങ്ങിയ നിരവധി സംരംഭങ്ങളുടെ പിന്നിലെ കർമ്മശേഷി ആയിരുന്നു. അക്കാലത്താണ് കേരള ചലച്ചിത്ര അക്കാദമി, കേരള ഹിസ്റ്ററി കൗൺസിൽ തുടങ്ങിയ സ്ഥാപനങ്ങൾ ആരംഭിച്ചത്.
ജീവിതത്തിലും, എഴുത്തിലും മാനവികതക്കും, മതനിരപേക്ഷതക്കും, ദരിദ്രരിൽ ദരിദ്രരായ മനുഷ്യർക്കും വേണ്ടി ഉണർന്നു പ്രവർത്തിച്ച എസ് രമേശന് പുരോഗമന കലാസാഹിത്യ സംഘം സംസ്ഥാന കമ്മിറ്റി ആദരാഞ്ജലികൾ അർപ്പിക്കുന്നതായും അനുശോചനകുറിപ്പിൽ പറഞ്ഞു.
—