നാളെ ആവധി പ്രഖ്യാപിച്ചിരിക്കുന്ന ഈ 6 ജില്ലകളിലും ശനിയാഴ്ച (15-01-2022) പ്രവർത്തി ദിവസമായിരിക്കുമെന്ന് സർക്കാർ വ്യക്തമാക്കി. 2022 വർഷത്തെ സർക്കാർ കലണ്ടർ പ്രകാരം തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി, പാലക്കാട്, വയനാട് ജില്ലകളിലായിരുന്നു ജനുവരി 15 ശനിയാഴ്ച പ്രദേശിക അവധി രേഖപ്പെടുത്തിയിരുന്നത്.
തൈപ്പൊങ്കൽ പ്രമാണിച്ച് ജനുവരി പതിനഞ്ചിന് നൽകിയിരിക്കുന്ന അവധി ജനുവരി 14 വെള്ളിയാഴ്ചയിലേക്ക് മാറ്റണമെന്ന് ആവശ്യപ്പെട്ട് തമിഴ് പ്രൊട്ടക്ഷൻ കൗൺസിൽ സംസ്ഥാന ജനറൽ സെക്രട്ടറിക്ക് അപേക്ഷ സമർപ്പിച്ചിരുന്നു. ഇക്കാര്യം പരിശോധിച്ച ശേഷം തമിഴ്നാട് – കേന്ദ്ര സർക്കാരുകളുടെ കലണ്ടറുകളിലെ അവധിയുമായി സമന്വയിപ്പിച്ചാണ് തൈപ്പൊങ്കൽ പ്രമാണിച്ചുള്ള പ്രാദേശിക അവധി വെള്ളിയാഴ്ചത്തേക്ക് മാറ്റാർ സർക്കാർ തീരുമാനിച്ചത്.
മുൻ വർഷങ്ങളിലും കേരളത്തിലെ വിവിധ ജില്ലകളിൽ പൊങ്കൽ പ്രമാണിച്ച് അവധി പ്രഖ്യാപിച്ചിരുന്നു. പൊങ്കൽ ആഘോഷങ്ങളുടെ ഭാഗമായി തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി, പാലക്കാട്, വയനാട് ജില്ലകളിൽ കഴിഞ്ഞ വർഷം പ്രാദേശിക അവധി നൽകിയിരുന്നു. ഓണത്തിന് സമാനമായി തമിഴ്‌നാട്ടിലെ ഏറ്റവും പ്രധാന ആഘോഷമാണ് പൊങ്കൽ. ഈ സാഹചര്യത്തിലാണ് തമിഴ്‌നാടുമായി അതിർത്തി പങ്കിടുന്ന ജില്ലകളിലും തമിഴ്‌നാട്ടിൽ നിന്നുള്ളവർ കൂടുതലായി താമസിക്കുന്ന ജില്ലകളിലും കേരള സർക്കാർ അവധി പ്രഖ്യാപിച്ചിരിക്കുന്നത്. തിരുവനന്തപുരം, ഇടുക്കി, വയനാട് ജില്ലകളിൽ തമിഴ്നാട്ടിൽ നിന്നുള്ളവരുടെ സാന്നിധ്യം കൂടുതലാണ്.