കോട്ടയം: ലോകത്തുള്ള ദരിദ്രരുടെ എണ്ണം കുറയ്ക്കാൻ ചൈന ശ്രമിക്കുമ്പോൾ ഇന്ത്യ ദാരിദ്ര്യം വളർത്തുകയാണെന്ന് സിപിഎം പോളിറ്റ്ബ്യൂറോ അംഗം എസ് രാമചന്ദ്രൻ പിള്ള. സിപിഎം കോട്ടയം ജില്ലാ സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
ചൈനക്ക് എതിരായ വലിയ പ്രചാരണം ഇന്ത്യയിൽ നടത്തുന്നത് സി പി എമ്മിനെ ആക്രമിക്കാനാണ്. ഇത് നേരിടണം, മുമ്പും നേരിട്ടു. ചൈനയെ വളഞ്ഞിട്ട് ആക്രമിക്കുകയാണ്. ഇന്ത്യ അടക്കമുള്ളവരെ ഒപ്പം ചേർത്ത് അമേരിക്ക ചൈനക്ക് എതിരെ നീക്കം നടത്തുന്നു. ലോകത്തെ ദാരിദ്ര്യം നേരിടുന്നതിൽ ചൈന ഒന്നാമതാണ്. ചൈന നേടിയ പുരോഗതി അമേരിക്കയ്ക്കയ്ക്ക് പരിഭ്രാന്തി ഉണ്ടാക്കുന്നു. പല ലോകരാജ്യങ്ങളും ചൈനയ്ക്കെതിരേ സഖ്യമുണ്ടാക്കി. ഇന്ത്യ അടങ്ങുന്ന ഒരു സഖ്യത്തേയും ചൈനയെ തകർക്കാൻ ഉപയോഗിക്കുന്നു.
ലോകത്ത് ആകെയുള്ള ദരിദ്രരെ ഇല്ലാതാക്കാൻ ചൈനയുടെ സംഭാവന 70 ശതമാനമാണ്. എന്നാൽ ഇന്ത്യ ദാരിദ്ര്യം വളർത്തുകയാണ് ചെയ്യുന്നത്. ഇതിന് കാരണം നരേന്ദ്ര മോദി സർക്കാരാണെന്നും രാമചന്ദ്ര പിള്ളി ആരോപിച്ചു.
കോവിഡിൽ മുതലാളിത്തം നേട്ടമുണ്ടാക്കാൻ ശ്രമിച്ചു. വാക്സിൻ വിറ്റ് പണമുണ്ടാക്കാൻ ശ്രമിച്ചു. പക്ഷേ ചൈന, ക്യൂബ തുടങ്ങിയ രാജ്യങ്ങൾ സൗജന്യ വാക്സിൻ നൽകി. മറ്റ് രാജ്യങ്ങളേയും സഹായിച്ചു.
ഇസ്രായേൽ പലസ്തീനിൽ എന്താണോ ചെയ്യുന്നത് അത് മോദി സർക്കാർ ജമ്മു കശ്മീരിൽ ചെയ്യുന്നു. മറ്റു മതസ്ഥരെ കശ്മീരിലേക്ക് വിടുന്നു. മുസ്ലിം ഭൂരിപക്ഷം കുറയ്ക്കാൻ കശ്മീരിനെ പിളർത്തുകയും ചെയ്തു.
ഗോമാതാവ് പരിശുദ്ധമെന്ന് മോദി പറഞ്ഞത് ലോകത്തിന് മുന്നിൽ ഇന്ത്യക്ക് നാണക്കേടാണ്. 21-ാം നൂറ്റാണ്ടാണെന്നും കാലം മാറിയെന്നും അവർ ഓർക്കുന്നില്ല. ചില ബിംബങ്ങൾ ഉപയോഗിച്ച് ജനത്തെ ഭിന്നിപ്പിക്കുന്നു.
ഹിന്ദു രാഷ്ട്ര പ്രചാരണ വേലയെ ഹിന്ദു രാജ്യ പ്രചാരണം കൊണ്ട് നേരിടാനാണ് കോൺഗ്രസുകാർ ശ്രമിക്കുന്നത്. അമിതാധികാരവും കുടുംബാധിപത്യവും നിറഞ്ഞുനിൽക്കുന്ന കോൺഗ്രസ് ഇപ്പോൾ അപ്രസക്തമാണ്. അവർക്ക് ബിജെപിയെ നേരിടാൻ കഴിയില്ല. രാമചന്ദ്ര പിള്ള കൂട്ടിച്ചേർത്തു.
Content Highlights: CPIM Kottayam district conference S Ramachandra Pillai