ന്യൂഡൽഹി
പ്രധാനമന്ത്രിയുടെ പഞ്ചാബ് സന്ദർശനത്തിലെ സുരക്ഷാവീഴ്ച സുപ്രീംകോടതി മുൻ ജഡ്ജി ഇന്ദുമൽഹോത്ര അധ്യക്ഷയായ സമിതി അന്വേഷിക്കും. എൻഐഎ ഡയറക്ടർ ജനറൽ, ചണ്ഡീഗഢ് ഡിജിപി, പഞ്ചാബ് (സെക്യൂരിറ്റി) എഡിജിപി, പഞ്ചാബ്–- ഹരിയാന ഹൈക്കോടതി രജിസ്ട്രാർ ജനറൽ എന്നിവർ സമിതി അംഗങ്ങള്‍. ഏത് അളവിലുള്ള സുരക്ഷാവീഴ്ചയാണ് സംഭവിച്ചത്, ആരൊക്കെയാണ് ഉത്തരവാദി, ഭാവിയിൽ എന്ത് മുൻകരുതൽ സ്വീകരിക്കണം- തുടങ്ങിയവ സമിതി പരിശോധിക്കും. ഏകപക്ഷീയ അന്വേഷണം ആവശ്യമുള്ള വിഷയമല്ല ഇതെന്നും എല്ലാവശവും പരിശോധിച്ച് സമിതി എത്രയും പെട്ടെന്ന് റിപ്പോർട്ട് സമർപ്പിക്കണമെന്നും ചീഫ് ജസ്റ്റിസ് എൻ വി രമണ അധ്യക്ഷനായ മൂന്നംഗ ബെഞ്ച് ഉത്തരവിൽ പറഞ്ഞു.
കേന്ദ്ര, സംസ്ഥാന സർക്കാരുകളുടെ സമിതി നടത്തുന്ന അന്വേഷണം താൽക്കാലികമായി മരവിപ്പിച്ചു. കേന്ദ്ര–- പഞ്ചാബ് സർക്കാരുകൾ തമ്മിലുള്ള തർക്കം രൂക്ഷമായതോടെയാണ് സുപ്രീംകോടതി സ്വതന്ത്രസമിതിയെ നിയോഗിച്ചത്.‘ലോയേഴ്സ് വോയിസ്’ സംഘടനയാണ് ഹർജി നൽകിയത്.