ന്യൂഡൽഹി
ഹരിദ്വാറിൽ മതസമ്മേളനത്തില്‍ തീവ്രഹിന്ദുത്വവാദികൾ ന്യൂനപക്ഷങ്ങള്‍ക്ക് എതിര നടത്തിയ വംശീയകൊലവിളിയില് നടപടി ആവശ്യപ്പെട്ട ഹർജിയിൽ ഉത്തരാഖണ്ഡ് സർക്കാരിന് നോട്ടീസയച്ച് സുപ്രീംകോടതി നോട്ടീസ് അയച്ചു. രാജ്യത്തിന്റെ മറ്റേതെങ്കിലും ഭാഗത്ത് ഇത്തരം വിദ്വേഷപ്രസംഗം നടന്നാല്‍ ഹർജിക്കാർക്ക് അക്കാര്യം പ്രാദേശികമായി അധികൃതരെയും കോടതിയുടെയും അറിയിക്കാമെന്നും ചീഫ്ജസ്റ്റിസ് എൻ വി രമണ അധ്യക്ഷനായ ബെഞ്ച് അറിയിച്ചു. ഹരിദ്വാർ, ഡൽഹി വിദ്വേഷപ്രസംഗങ്ങളിൽ അന്വേഷണം ആവശ്യപ്പെട്ട് പട്ന ഹൈക്കോടതി മുൻ ജഡ്ജി അഞ്ജനാപ്രകാശ്, മാധ്യമപ്രവർത്തകൻ കുർബാൻ അലി എന്നിവരാണ് സുപ്രീംകോടതിയെ സമീപിച്ചത്. അടിയന്തര ഇടപെടൽ ഉണ്ടായില്ലെങ്കിൽ ഉനാ, ദസ്നാ, കുരുക്ഷേത്ര, അലിഗഢ് തുടങ്ങി പല സ്ഥലങ്ങളിലും തീവ്രവിദ്വേഷപ്രസംഗങ്ങൾ നടക്കുമെന്ന് മുതിർന്ന അഭിഭാഷകൻ കപിൽസിബൽ ചൂണ്ടിക്കാട്ടി. കേസിൽ കേന്ദ്രസർക്കാരിനെ കക്ഷി ചേർക്കണമെന്നും ആവശ്യപ്പെട്ടു. 10 ദിവസത്തിനുശേഷം കേസ് വീണ്ടും പരിഗണിക്കും.