ന്യൂഡൽഹി
രോഗവ്യാപനം അതിതീവ്രമാവുന്നതിന്റെ സൂചന നല്കി രാജ്യത്ത് കോവിഡ് സ്ഥിരീകരണ നിരക്ക് കുത്തനെ ഉയര്‍ന്നു. 300 ജില്ലകളിൽ പ്രതിവാര രോഗസ്ഥിരീകരണ നിരക്ക് അഞ്ച് ശതമാനത്തിലധികം. മഹാരാഷ്ട്ര, പശ്ചിമ ബംഗാൾ, ഡൽഹി, തമിഴ്നാട്, കർണാടകം, യുപി, ഗുജറാത്ത് എന്നിവിടങ്ങളിൽ കോവിഡ് വ്യാപനം ആശങ്കാജനകമെന്നും കേന്ദ്രം നിരീക്ഷിച്ചു.
ഡിസംബർ 30ന് 1.1 ശതമാനമായിരുന്ന നിരക്ക് ബുധനാഴ്ച 11.05 ശതമാനത്തിലെത്തിയതായി ആരോഗ്യമന്ത്രാലയം ജോയിന്റ് സെക്രട്ടറി ലവ് അഗർവാൾ പറഞ്ഞു.
15- മുതൽ 18 വയസ്സുവരെയുള്ളവരുടെ വാക്സിനേഷൻ രണ്ട് കോടി പിന്നിട്ടതായും കേന്ദ്രം അറിയിച്ചു. ഇതിനിടെ 24 മണിക്കൂറില്‍ രാജ്യത്ത് രണ്ടുലക്ഷത്തോളം രോഗികള്‍. 442 മരണം. ഒമിക്രോൺ ബാധിതരുടെ എണ്ണം 4868 ആയി.