തിരുവനന്തപുരം
ടി പി കേസിലെ പ്രതികൾ ജയിലിന് പുറത്തായിട്ട് 250 ദിവസമെന്ന മനോരമ വാർത്ത വസ്തുത വളച്ചൊടിച്ച്. ജയിൽ ചട്ടപ്രകാരം അർഹതപ്പെട്ട പരോൾ മാത്രമാണ് ഇവർക്ക് അനുവദിച്ചത്. പുറത്തുള്ള 487 തടവുകാർ ജയിലിലേക്ക് മടങ്ങാത്തത് സർക്കാർ ഉത്തരവ് സുപ്രീംകോടതി സ്റ്റേ ചെയ്തതിനാൽ. പരോൾ ലഭിച്ചവരിൽ എല്ലാ പാർടിയിലുംപെട്ടവരുണ്ട്. കോവിഡ് സ്പെഷ്യൽ പരോൾ നീട്ടാൻ സുപ്രീംകോടതിയെ സമീപിച്ചവരിലാകട്ടെ കൂടുതലും ബിജെപി പ്രവർത്തകരായ തടവുകാരാണ്.
വധശിക്ഷയ്ക്ക് വിധിക്കപ്പെട്ടവരൊഴികെ ഭൂരിപക്ഷം തടവുകാർക്കും ജയിൽചട്ടം പ്രകാരം മാസം അഞ്ചുദിവസം അവധിക്ക് (പരോൾ ) അർഹതയുണ്ട്. പൊലീസിന്റെയും വെൽഫെയർ ഓഫീസറുടെയും ജയിൽ സൂപ്രണ്ടിന്റെയും റിപ്പോർട്ട് അനുകൂലമല്ലെങ്കിൽ പരോൾ റിവ്യൂ കമ്മിറ്റിയെ സമീപിക്കാം. എമർജൻസി പരോളിനും തടവുകാർക്ക് അർഹതയുണ്ട്. കോടതിക്കും പരോൾ അനുവദിക്കാൻ ഉത്തരവിടാം.
ടി പി കേസിലെ പ്രതികൾക്ക് ഒരു വർഷം 60 ദിനമെന്ന കണക്കിൽ 2016 മുതൽ ഇതുവരെ 300 ദിവസത്തെ പരോളിന് അർഹതയുണ്ട്. കോവിഡ്കാല പ്രത്യേക പരോൾ വേറെയും.
ജയിലുകളിൽ കോവിഡ് വ്യാപനം തടയാൻ 2021 മെയ് അഞ്ചിന് സർക്കാർ നിയമപരമായ അർഹത മാനദണ്ഡമാക്കി 1201 തടവുകാർക്ക് പ്രത്യേക പരോൾ അനുവദിച്ചിരുന്നു. സെപ്തംബർ 26നകം ജയിലിൽ തിരികെയെത്താൻ ആഭ്യന്തര വകുപ്പ് ആവശ്യപ്പെട്ടത് പ്രകാരം 714 പേർ തിരികെയെത്തി. ബാക്കിയുള്ളവർ സുപ്രീംകോടതിയെ സമീപിച്ച് സ്റ്റേ വാങ്ങി.