തിരുവനന്തപുരം:ഡി-ലിറ്റ് വിവാദത്തിൽ വൈസ് ചാൻസലർപ്രോഫ. വി.പി മഹാദേവൻ പിള്ളയ്ക്ക്പിന്തുണയുമായി കേരള സർവകാശാല സിൻഡിക്കേറ്റ്. രാഷ്ട്രപതിക്ക് ഡി-ലിറ്റ് നൽകാനുള്ള തീരുമാനം സിൻഡിക്കേറ്റ് അംഗങ്ങളുമായി വി.സി ചർച്ച ചെയ്തിരുന്നുവെന്നും ഇക്കാര്യത്തിൽ വിവാദത്തിനോ തർക്കത്തിനോ ഇല്ലെന്നും സിൻഡിക്കേറ്റ് വ്യക്തമാക്കി.
സർവകശാലയുടെ അന്തസിനെ ബാധിക്കുന്ന തരത്തിലുള്ള കാര്യങ്ങളാണ് ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്നത്. എന്നിരുന്നാലും ചാൻസലറുമായി ഒരു ഏറ്റുമുട്ടലിന് പോകുന്നില്ല. അതു കാര്യങ്ങൾ കൂടുതൽ സങ്കീർണമാക്കും.
രാഷ്ട്രപതിക്ക് ഡി-ലിറ്റ് നിഷേധിച്ചതിനുള്ള കാരണം സിൻഡിക്കേറ്റ് വിശദീകരിച്ചു. രാഷ്ടപ്രതിക്ക് ഡി-ലിറ്റ് നൽകണമെങ്കിൽ സെനറ്റ് യോഗം ചേരണം. അല്ലെങ്കിൽ അടിയന്തര സിൻഡിക്കേറ്റ് യോഗം ചേരണം. ഇത്തരത്തിൽ യോഗം ചേർന്ന് ഡി-ലിറ്റ് നിഷേധിച്ചാൽ അത് കൂടുതൽ പ്രശ്നങ്ങളുണ്ടാക്കും. അതാണ് അനൗദ്യോഗികമായി അറിയിച്ചത്. ഇതിൽ പ്രോട്ടോകോൾ പ്രശ്നത്തിനൊപ്പം നിയമ പ്രശ്നങ്ങളുമുണ്ടെന്നും സിൻഡിക്കേറ്റ് വ്യക്തമാക്കി.
രണ്ടു വരി തെറ്റില്ലാതെ എഴുതാൻ അറിയാത്ത വൈസ് ചാൻസലർ തുടരുന്നത് എങ്ങനെയാണെന്ന് ചാൻസലറായ ഗവർണർ കഴിഞ്ഞ ദിവസം പരസ്യമായി വിമർശിച്ചിരുന്നു. അതിന് വിസി മറുപടിയും നൽകിയിരുന്നു.
ജീവിതത്തിൽ ഗ്രാമറും സ്പെല്ലിങ്ങും തെറ്റാതിരിക്കാൻ ജാഗകൂരനാണ്. മനസ്സ് പതറുമ്പോൾ കൈവിറച്ചു പോകുന്ന സാധാരണത്വം ഒരു കുറവായി കാണുന്നില്ല. ഗുരുഭൂതൻമാരുടെ നല്ല പാഠങ്ങൾ ഉൾക്കൊള്ളാൻ പരമാവധി ശ്രദ്ധിക്കാറുണ്ട്. കൂടുതൽ പ്രതികരിക്കാനില്ല. – ഇതായിരുന്നു വിസിയുടെ മറുപടി.
Content Highlights : D.Litt controversy;Kerala University Syndicate with support for VP Mahadevan Pillai