ലഖ്നൗ> നിയമസഭാ തെരഞ്ഞെടുപ്പിന് ആഴ്ചകള്മാത്രം ശേഷിക്കെ ഉത്തര്പ്രദേശില് ബിജെപിക്ക് കനത്ത ആഘാതമേല്പ്പിച്ച് യോഗി മന്ത്രിസഭയിൽനിന്ന് ഒരു മന്ത്രി കൂടി രാജിവെച്ചു. വനം പരിസ്ഥിതി മന്ത്രി ധാരാസിങ് ചൗഹാനാണ് രാജിവെച്ചത്. മധുഭന് മണ്ഡലത്തില് നിന്നുള്ള നിയമസഭാംഗമായ ധാരാസിങ് ചൗഹാന് നേരത്തെ ബിഎസ്പി അംഗമായിരുന്നു.
ഇന്നലെ രാജിവെച്ച തൊഴില്മന്ത്രി സ്വാമി പ്രസാദ് മൗര്യയും നാല് എംഎല്എമാരും ബിജെപിയില് നിന്നും ഔദ്യോഗിക പദവികളില്നിന്നും രാജിവെച്ചിരുന്നു. പ്രസാദ് മൗര്യയും രാജിവച്ച എംഎൽഎ റോഷന് ലാല് വര്മയും സമാജ്വാദി പാര്ടി (എസ്പി) യില് ചേര്ന്നു. 2015ൽ ബിജെപിയിലെത്തിയ മന്ത്രി ധാരാസിങ് ചൗഹാനും എസ്പിയിലേക്കാണെന്നാണ് സൂചന.
രാജിവെച്ച ഭഗവതി പ്രസാദ് സാഗര്, ബ്രജേഷ് പ്രജാപതി, വിനയ് സാഖ്യ എന്നീ എംഎൽഎമാർ ഉടനെ ഏത് പാർടിയിലേക്കാണ് എന്ന് പ്രഖ്യാപിച്ചേക്കും.
കര്ഷകരെയും ദളിതരെയും ചെറുകിട കച്ചവടക്കാരെയും തൊഴില്രഹിതരെയും യോഗി ആദിത്യനാഥ് സര്ക്കാരും ബിജെപിയും അവഗണിക്കുന്നതില് പ്രതിഷേധിച്ചാണ് രാജിയെന്ന് സ്വാമി പ്രസാദ് മൗര്യ ട്വീറ്റ് ചെയ്തിരുന്നു. രാജിക്കത്ത് പുറത്തുവിട്ടതിനു തൊട്ടുപിന്നാലെ എസ്പി അധ്യക്ഷന് അഖിലേഷ് യാദവ് മൗര്യയോടൊപ്പം നില്ക്കുന്ന ചിത്രവും ട്വീറ്റ് ചെയ്തു. ബിജെപി വിടുന്ന നേതാക്കളെ എസ്പിയിലേക്ക് അഖിലേഷ് യാദവ് സ്വാഗതം ചെയ്തു.