കണ്ണൂർ: ഇടുക്കി എൻജിനീയറിങ് കോളേജിൽ എസ്എഫ്ഐ പ്രവർത്തകൻ ധീരജിനെ ആസൂത്രിതമായിട്ടാണ് കോൺഗ്രസ് കൊലപ്പെടുത്തിയതെന്ന് ആരോപിച്ച് ഡിവൈഎഫ്ഐ. കെപിസിസി അധ്യക്ഷൻ കെ.സുധാകരൻ കലാപത്തിന് ആഹ്വാനം ചെയ്തെന്നും കൊലപാതകത്തിൽ അറസ്റ്റിലായ നിഖിൽ പൈലി കെ.എസ്.ബ്രിഗേഡിന്റെ ഇടുക്കിയിലെ തലവനാണെന്നും ഡിവൈഎഫ്ഐ സംസ്ഥാന അധ്യക്ഷൻ വി.കെ.സനോജ് പറഞ്ഞു.
തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കാമ്പസിൽ യാതൊരു സംഘർഷവും ഉണ്ടായിട്ടില്ല. വോട്ടെടുപ്പ് കഴിഞ്ഞ് വിദ്യാർഥികൾ പുറത്തിറങ്ങിയതാണ്. ഈ സമയത്താണ് ഗുണ്ടകളുമായി എത്തി യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ്നിഖിൽ പൈലി വിദ്യാർഥികളെ കുത്തിവീഴ്ത്തുന്നതെന്നും സനോജ് പറഞ്ഞു.
സാധാരണ തിരഞ്ഞെടുപ്പ് നടക്കുമ്പോൾ വിദ്യാർഥികൾ തമ്മിൽ ചെറിയ സംഘർഷങ്ങൾ ഉണ്ടാകാറുണ്ട്. ഇവിടെ അത് പോലും ഉണ്ടായിട്ടില്ല. പുറത്ത് നിന്ന് വന്ന ആളുകളാണ് കൊലപാതകം നടത്തിയത്. വളരെ ബോധപൂർവം ആ കോളേജിലെ എസ്എഫ്ഐയുടെ പ്രവർത്തകരെ കൊലപ്പെടുത്താൻ യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ്ഉൾപ്പടെയുള്ളവർ അവിടെ എത്തിയത്.
കേരളത്തെ ഞെട്ടിച്ച ഈ സംഭവത്തെ തള്ളിപ്പറയുന്നതിന് പകരം കെപിസിസി അധ്യക്ഷൻ കെ.സുധാകരൻ കൊലപാതകത്തെ ന്യായീകരിച്ചു. കൊലയാളികളെ സംരക്ഷിക്കാനുള്ള നിലപാടുകളുമെടുത്തു.
കഴിഞ്ഞ കുറച്ചുകാലങ്ങളായി കെ.സുധാകരൻ പ്രത്യേക ലക്ഷ്യം വെച്ച് നടത്തുന്ന പ്രവർത്തനങ്ങൾ നമ്മൾ കാണുകയാണ്. സുധാകരൻ നേതൃത്വത്തിൽ വന്നാലുള്ള അപകടം കണ്ണൂർ ഡിസിസി അധ്യക്ഷനായിരുന്ന പി.രാമകൃഷ്ണൻ നേരത്തെ വെളിപ്പെടുത്തിയതാണ്. ആ അപകടം ഇപ്പോൾ നടന്നുകൊണ്ടിരിക്കുകയാണ്. കേരളത്തിലാകെ കലാപത്തിനുള്ള ആഹ്വാനം ചെയ്തിരിക്കുകയാണ്. ഇടുക്കിയിലെ സുധാകരൻ ബ്രിഗേഡിന്റെ തലവനാണ് നിഖിൽ പൈലി. കൊലയാളികളെ പോലും നാണിപ്പിക്കുന്ന തരംതാണ പ്രചാരണങ്ങളാണ് കോൺഗ്രസ് നേതാക്കൾ നടത്തുന്നത്.
രക്തം ദാഹിച്ച് നടക്കുന്ന ഡ്രാക്കുളസംഘമായി കേരളത്തിലെ യൂത്ത് കോൺഗ്രസ് മാറികൊണ്ടിരിക്കുന്നുവെന്നും സനോജ് കൂട്ടിച്ചേർത്തു.