തിരുവനന്തപുരം: കെ റെയിൽ പദ്ധതിക്ക് കേന്ദ്രസർക്കാരിന്റെഅനുമതിയുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കെ റെയിലുമായി ബന്ധപ്പെട്ട് സ്ഥലം ഏറ്റെടുക്കലുമായി മുന്നോട്ടുപോകാൻ കേന്ദ്രസർക്കാർ സംസ്ഥാന സർക്കാരിന് അനുമതി നൽകിയിട്ടുണ്ടെന്നും റെയിൽവെ ബോർഡ് പദ്ധതിക്ക് അംഗീകാരം നൽകിയിട്ടുണ്ടെന്നും മുഖ്യമന്ത്രി ചിന്ത വാരികയിൽ എഴുതിയ ലേഖനത്തിൽ പറഞ്ഞു.
കെ റെയിൽ പദ്ധതി സംസ്ഥാനത്തിൻറെ സാമ്പത്തിക സ്ഥിതിയെ തകർക്കുമെന്ന് പറയുന്നത് അടിസ്ഥാനരഹിതമാണ്. പശ്ചാത്തലസൗകര്യ വികസന പദ്ധതികൾക്കായി കടമെടുക്കാത്ത ഒരു സർക്കാരും ലോകത്തില്ല. പശ്ചാത്തല സൗകര്യ വികസനം സാമ്പത്തിക വളർച്ചയെ ഉത്തേജിപ്പിക്കുന്നതിനോടൊപ്പം വരുമാനം വർധിപ്പിക്കുന്നതിനുതകുമെന്ന കാര്യം ഏവരും അംഗീകരിക്കുന്നതാണ്. സംസ്ഥാനത്തിനുള്ളിലെ യാത്രാസമയം നാലിലൊന്നായി ചുരുങ്ങുന്നത്, ബിസിനസ്, സാങ്കേതിക ടൂറിസം മേഖലകൾ എന്നിവ ഉൾപ്പെടെയുള്ള സമസ്ത മേഖലകളെയും പരിപോഷിപ്പിക്കുമെന്ന കാര്യത്തിൽ രണ്ടഭിപ്രായം ഉണ്ടാകില്ല.
പദ്ധതി ആരംഭിക്കുന്നതിനു മുമ്പ് ഭൂമി ഏറ്റെടുക്കുന്നതിലൂടെ ആയിരക്കണക്കിന് കുടുംബങ്ങൾ ഭവനരഹിതരാകുന്നു എന്നാണ് ചിലർ പ്രചരിപ്പിക്കുന്നത്. നേരത്തെ സൂചിപ്പിച്ചതുപോലെ ഭൂമി ഏറ്റെടുക്കൽ അർഹമായ നഷ്ടപരിഹാരം നൽകിക്കൊണ്ടാണ് നടപ്പാക്കാൻ ഉദ്ദേശിക്കുന്നത്. അതിനാൽ തന്നെ ഒരാളുപോലും ഇതിനാൽ ഭവനരഹിതനാകുന്ന പ്രശ്നം ഉദിക്കുന്നില്ല. ഇത്തരം പദ്ധതികൾ നിലവിൽ വരുമ്പോൾ തുടക്കത്തിലുണ്ടായ പ്രചരണവും ആശങ്കയും മറികടന്നുകൊണ്ട് അവ നടപ്പിലാക്കാൻ കഴിഞ്ഞ അനുഭവംഗെയ്ൽ, പവർ ഹൈവേ, ജലപാത – നമ്മുടെ മുന്നിലുണ്ട് എന്ന യാഥാർത്ഥ്യവും കാണാതിരുന്നുകൂടാ എന്നും മുഖ്യമന്ത്രി ലേഖനത്തിൽ ചൂണ്ടിക്കാട്ടുന്നു.
പദ്ധതി സംബന്ധിച്ച് ജനങ്ങൾക്കുണ്ടാകുന്ന ആശങ്കകളും പ്രശ്നങ്ങളും ദൂരീകരിക്കുന്നതിനും ജനപ്രതിനിധികളുടെ അഭിപ്രായങ്ങൾ കണക്കിലെടുക്കുന്നതിനും സർക്കാർ നടപടികൾ സ്വീകരിച്ചുവരികയാണെന്നും പ്രശ്നങ്ങൾ കേൾക്കാനും പരിഹാരങ്ങൾ കണ്ടെത്താനും പബ്ലിക് ഹിയങ് നടത്തുന്നതാണെന്നും അദ്ദേഹം ലേഖനത്തിൽ വ്യക്തമാക്കി.
Content Highlights: CM Pinarayi Vijayans article in Chintha Weekly aboutSilver Line Project