ഇടുക്കി > ഇടുക്കി എൻജിനീയറിങ് കോളേജിൽ എസ്എഫ്ഐ നേതാവ് ധീരജിനെ കുത്തിക്കൊന്ന കേസിൽ പ്രതികളായ യൂത്ത് കോൺഗ്രസ് വാഴത്തോപ്പ് മണ്ഡലം പ്രസിഡന്റ് നിഖിൽ പൈലി, ഇടുക്കി മണ്ഡലം വൈസ് പ്രസിഡന്റ് ജെറിൻ ജോജോ എന്നിവരെ റിമാൻഡ് ചെയ്തു. കട്ടപ്പന ഫസ്റ്റ് ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയാണ് പ്രതികളെ 25 വരെ റിമാൻഡ് ചെയ്തത്. ഇവരെ മുട്ടം ജയിലിലേക്കു മാറ്റി.
ധീരജിന്റെ കൊലപാതകം ആസൂത്രിതമാണെന്ന് പൊലീസ് കോടതിയിൽ സമർപ്പിച്ച റിമാൻഡ് റിപ്പോർട്ടിൽ പറയുന്നു. പ്രതികൾ അന്യായമായി സംഘം ചേർന്ന് ധീരജിനെയും സുഹൃത്തുക്കളെയും കൊല്ലണമെന്ന ഉദ്ദേശത്തോടെ ആക്രമിക്കുകയായിരുന്നു. കേസിൽ ഇനിയും യൂത്ത് കോൺഗ്രസ്‐കെഎസ്യു നേതാക്കളായ നാല് പേരെ പിടികൂടാനുണ്ടെന്നും ഇവർ ഒളിവിലാണെന്നും റിമാൻഡ് റിപ്പോർട്ടിൽ പറയുന്നു. കോടതി റിമാൻഡ് ചെയ്ത പ്രതികളെ കസ്റ്റഡിയിൽ വാങ്ങൻ പൊലീസ് വ്യാഴാഴ്ച അപേക്ഷ നൽകും.
രാവിലെ കേസിലെ മുഖ്യപ്രതി നിഖിൽ പൈലിയുമായി അന്വേഷണ സംഘം തെളിവെടുപ്പ് നടത്തിയിരുന്നു. എന്നാൽ ധീരജിനെ കൊല്ലാനുപയോഗിച്ച കത്തി കണ്ടെത്താനായില്ല.