പാലക്കാട്: ഇന്നെങ്കിലും പുലിയെ പിടികൂടുമോ -ഇത് മാത്രമാണ് ഇപ്പോൾ അകത്തേത്തറ ഉമ്മിനിയിലെ നാട്ടുകാർക്കിടയിലെ ചർച്ച. ഞായറാഴ്ച മുതൽ നാട്ടിൽ കാണപ്പെട്ട പുലി നാട്ടുകാരുടെ ഉറക്കംകെടുത്തിത്തുടങ്ങിയിട്ട് മൂന്നുദിവസത്തിലേറെയായി. ഇനിയും വനംവകുപ്പിന് പുലിയെ പിടികൂടാനാവാത്തതിൽ ആശങ്കയിലായിരിക്കയാണ് നാട്ടുകാർ. എന്നാൽ വനവകുപ്പ് അധികൃതരാകട്ട പുലി പറ്റിച്ച പണിയിൽ തലപുകഞ്ഞിരിക്കുകയാണ്.
പുലിക്കുട്ടികളെ കാണിച്ച് അമ്മപ്പുലിയെ പിടികൂടാമെന്ന തന്ത്രം ഫലംകാണാതെ പോയതിന്റെ നിരാശയിലാണ് വനംവകുപ്പ് അധികൃതർ. പുലിയെ പിടികൂടാൻ വലിയ കൂടൊരുക്കിയിട്ടും കൂട്ടിനകത്ത് വെച്ചിരുന്ന രണ്ട് പുലിക്കുട്ടികളിലൊന്നിനെ സമർഥമായി അമ്മപ്പുലി കൊണ്ടുപോയി. ഇത് എങ്ങനെ സംഭവിച്ചെന്നറിയാതെ തലപുകയ്ക്കുകയാണ് വനപാലകർ.
കൂട്ടിനകത്ത് പുലികയറിയാൽ വാതിൽ താനേ അടയുന്ന ഇരുമ്പ് കൂടാണ് സ്ഥാപിച്ചിരുന്നത്. ഈ കൂട്ടിനകത്ത് പ്രത്യേക കാർഡ്ബോർഡ് പെട്ടിയിലാണ് രണ്ട് പുലിക്കുട്ടികളെയും വെച്ചിരുന്നത്. കുട്ടികളുടെ മണംപിടിച്ചെത്തുന്ന അമ്മപ്പുലിയെ കെണിയിൽ കുരുക്കാമെന്നായിരുന്നു പ്രതീക്ഷ. കൂട്ടിനകത്ത് കയറാതെ പുലിക്ക് കുട്ടിയെ എടുക്കാനാവില്ലെന്നതിനാൽ ഇതെങ്ങനെ സംഭവിച്ചെന്നറിയാതെ കഷ്ടപ്പെടുകയാണ് വനംവകുപ്പ് അധികൃതർ.
ചൊവ്വാഴ്ച രണ്ടാമത്തെ കുഞ്ഞിനെ കൂട്ടിൽ വെച്ചെങ്കിലും പുലി അങ്ങോട്ടേക്ക് അടുത്തില്ല എന്നതും അധികൃതരെ നിരാശയിലാഴ്ത്തുന്നു. ഇന്ന് വീണ്ടും രണ്ടാമത്തെ കുഞ്ഞിനെ കൂട്ടിൽ വെച്ചേക്കും. രണ്ടാമത്തെ കുഞ്ഞിനെ പുലി ഉപേക്ഷിച്ചോ എന്നതും അധികൃതർ സംശയിക്കുന്നുണ്ട്.
അമ്മപ്പുലിയെ പിടികൂടാൻവേണ്ടി തിങ്കളാഴ്ച രാത്രി ഒമ്പതുമണിയോടെയാണ് വനംവകുപ്പ് വലിയ കൂട് സ്ഥാപിച്ച് രണ്ട് പുലിക്കുട്ടികളെയും അതിനകത്തുവിട്ടത്. ഇതുകഴിഞ്ഞ് ഒരുമണിക്കൂർ തികയുംമുമ്പേ പുലിയെത്തി ഒരുകുട്ടിയെ കൊണ്ടുപോവുകയായിരുന്നു. പത്തുമണിയോടെ പുലി വരുന്നതിന്റെയും കുട്ടിയെ കടിച്ചുകൊണ്ടുപോകുന്നതിന്റെയും ചിത്രങ്ങൾ ക്യാമറയിൽ പതിഞ്ഞിട്ടുണ്ട്. രണ്ടാമത്തെ പുലിക്കുട്ടിയെ ചൊവ്വാഴ്ച രാവിലെ ഡി.എഫ്.ഒ. ഓഫീസിലേക്കു മാറ്റി. തുടർന്ന്, രാത്രി എട്ടുമണിയോടെ വീണ്ടും കൂട്ടിനകത്തുതന്നെ വിടുകയായിരുന്നു. എന്നാൽ ബുധനാഴ്ച പുലർച്ചവരെ പുലി പരിസരത്തേക്ക് വന്നില്ലെന്നാണ് മനസ്സിലാക്കുന്നത്. തുടർന്ന് രാവിലെ അഞ്ചരയോടെ കുഞ്ഞിനെ അധികൃതർ പരിചരണ കേന്ദ്രത്തിലേക്ക് മാറ്റിയിരിക്കുകയാണ്.
Content Highlights :Leopard escapes with its cub kept in trap cage