തിരുവനന്തപുരം: സിപിഎം തിരുവനന്തപുരം ജില്ലാ സമ്മേളനത്തോടനുബന്ധിച്ച് നടന്ന മെഗാ തിരുവാതിര വിവാദത്തിൽ. കോവിഡ് മാനദണ്ഡങ്ങൾ ലംഘിച്ച് 550-ലേറെ പേരാണ് മെഗാ തിരുവാതിരയിൽ പങ്കെടുത്തത്. കോവിഡ് വ്യാപന സാഹചര്യത്തിൽ പൊതുപരിപാടിയിൽ 150 പേരിൽ കൂടരുതെന്ന സർക്കാർ നിയന്ത്രണം നിലനിൽക്കേയാണ് ഇത്രയധികം പേർ പങ്കെടുത്ത മെഗാ തിരുവാതിര നടന്നത്.
ജനാധിപത്യ മഹിള അസോസിയേഷൻ പാറശാല ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ പാറശ്ശാലയിലെ ചെറുവാരക്കോണം സിഎസ്ഐ പള്ളി മൈതാനത്തായിരുന്നു പരിപാടി. ജില്ലാ പഞ്ചായത്ത് അംഗം സലൂജയുടെ നേതൃത്വത്തിലായിരുന്നു തിരുവാതിര. സിപിഎം പോളിറ്റ് ബ്യൂറോ അംഗം എം.എ.ബേബി, ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പൻ, ജില്ലാ സെക്രട്ടേറിയറ്റ് അംഗങ്ങളായ എൻ.രതീന്ദ്രൻ, പുത്തൻകട വിജയൻ എന്നിവർ അടക്കമുള്ള നേതാക്കളും പരിപാടിക്ക് എത്തിയിരുന്നു.
ഓരോ ലോക്കൽ കമ്മിറ്റികൾ കേന്ദ്രീകരിച്ച് തിരുവാതിരയുടെ പരിശീലനം കഴിഞ്ഞ ഒരാഴ്ചയായി നടന്നുവരികയായിരുന്നു. ജില്ലാസമ്മേളനവും സമ്മേളന നഗരിയായ പാറശ്ശാലയും സംസ്ഥാന സർക്കാരിന്റെ വിജയങ്ങളും വിഷയമാക്കിയായിരുന്നു തിരുവാതിരഗാനം.
മരണാനന്തര, വിവാഹ ചടങ്ങുകളിൽ 50 പേർ മാത്രമേ പങ്കെടുക്കാൻ പാടുള്ളുവെന്ന ഉത്തരവും കഴിഞ്ഞ ദിവസം പുറത്തിറക്കിയിരുന്നു. ഇതിനിടെയാണ് 550 പേർ അണിനിരന്ന തിരുവാതിര നടന്നത്. ഇതിനെതിരേ നടപടിയെടുക്കാൻ സർക്കാർ സംവിധാനങ്ങൾ ഇതുവരെ തയ്യാറായിട്ടില്ല.
Content Highlights : Covid protocol violation;CPM mega thiruvathira at Parassala