പൊതുസ്ഥലങ്ങളിൽ സമ്പർക്കം വർധിച്ചതോടെ കേരളത്തിൽ കൊവിഡ് കേസുകൾ ഉയർന്ന സാഹചര്യമാണുള്ളത്. ക്രിസ്‌മസ് – പുതുവൽസരവുമായി ബന്ധപ്പെട്ട് പൊതുസ്ഥലങ്ങളിൽ സമ്പർക്കം വർധിച്ചത് കൊവിഡ് കേസുകൾ ഉയരാൻ കാരണമായി. എല്ലാ ജില്ലകളിലും കൊവിഡ് കേസുകൾ ഉയർന്നു. പുതിയ കേസുകളിൽ ഭൂരിഭാഗവും ഡെൽറ്റ വകഭേദമാണ്. കൊവിഡ് ചട്ടം പാലിക്കാതെയുള്ള ആൾക്കൂട്ടങ്ങൾ നിർഭാഗ്യകരമാണെന്നും മന്ത്രി വ്യക്തമാക്കി.
സംസ്ഥാനത്ത് ഒമിക്രോൺ ക്ലസ്റ്ററുകൾ നിലവിൽ കണ്ടെത്താനായില്ല. 345 പേർക്കാണ് ഇതുവരെ ഒമിക്രോൺ സ്ഥിരീകരിച്ചത്. ഇതിൽ 155 പേർ രോഗമുക്തി നേടി. ഇനിയുള്ള ദിവസങ്ങളിൽ രോഗികളുടെ എണ്ണം വർധിക്കാൻ സാധ്യതയുള്ളതിനാൽ ആശുപത്രികളിൽ ഒരുക്കങ്ങൾ നടത്താൻ നിർദേശം നൽകിയിട്ടുണ്ട്. ഡെൽറ്റയേക്കാൾ മൂന്നിരട്ടി വ്യാപനശേഷി ഒമിക്രോണിനുണ്ട്. കൊവിഡ് വകഭേദങ്ങളായ ഡെൽറ്റയും ഒമിക്രോണും കേരളത്തിലുണ്ടെന്ന് മന്ത്രി കൂട്ടിച്ചേർത്തു.
അനാവശ്യ യാത്രകൾ ഒഴിവാക്കണം. പ്രായമുള്ളവരും ഗുരുതരമായ അസൂഖമുള്ളവരും കരുതൽ പാലിക്കണം. ആൾക്കൂട്ടങ്ങൾ ഉണ്ടായ സ്ഥലത്ത് പോസിറ്റീവ് കേസുകൾ കണ്ടെത്താൻ ആ സാമ്പിളുകൾ പരിശോധനയ്ക്ക് അയക്കും. കൊവിഡ് വാക്സിൻ്റെ ആദ്യ ഡോസ് 99 ശതമാനവും രണ്ടാം ഡോസ് 82 ശതമാനവും നൽകി. കുട്ടികളിൽ 39 ശതമാനം പേർക്കും വാക്സിൻ നൽകി. കൊവിഡ് കരുതൽ ഡോസ് 60,480 പേർ സ്വീകരിച്ചതായും മാധ്യമപ്രവർത്തകരുമായി സംസാരിക്കുന്നതിനിടെ മന്ത്രി പറഞ്ഞു.
അതേസമയം, കേരളത്തിൽ ഇന്ന് 9066 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 1,27,790 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 1,24,903 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 2887 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 298 പേരെയാണ് പുതുതായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. 44,441 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 52,05,210 പേര്‍ ഇതുവരെ കൊവിഡില്‍ നിന്നും മുക്തി നേടി.
കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 19 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതുകൂടാതെ സുപ്രീംകോടതി വിധിപ്രകാരം കേന്ദ്രസര്‍ക്കാരിന്റെ പുതിയ മാര്‍ഗനിര്‍ദേശമനുസരിച്ച് അപ്പീല്‍ നല്‍കിയ 277 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഇതോടെ സംസ്ഥാനത്തെ ആകെ മരണം 50,053 ആയി.