കൊച്ചി > നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ ഗൂഢാലോചന നടത്തിയെന്ന കേസിൽ നടൻ ദിലീപ് അടക്കമുള്ള പ്രതികളുടെ അറസ്റ്റ് തടയണമെന്ന ആവശ്യം ഹൈക്കോടതി അനുവദിച്ചില്ല. എന്നാൽ വെള്ളിയാഴ്ച വരെ നടപടി ഉണ്ടാവില്ലല്ലോ എന്ന് കോടതി പൊലീസിനോട് വാക്കാൽ ചോദിച്ചു. കേസിൽ കോടതി പൊലീസിന്റെ റിപ്പോർട്ട് തേടി. പ്രതികളുടെ മുൻകൂർ ജാമ്യഹർജി ഹൈക്കോടതി വെള്ളിയാഴ്ച പരിഗണിക്കും. സീനിയർ അഭിഭാഷകന് കോവിഡ് ആയതിനാൽ കേസ് മാറ്റണമെന്ന് ദിലീപിന്റെ അഭിഭാഷകൻ ആവശ്യപ്പെട്ടു.
അന്വേഷണ ഉദ്യോഗസ്ഥൻ മെനഞ്ഞെടുത്ത കഥയാണ് പുതിയ ആരോപണങ്ങൾക്ക് പിന്നിലെന്നും ഇതിന്റെ ഭാഗമാണ് പുതിയ വെളിപ്പെടുത്തലുകൾ എന്നും ഹർജിക്കാർ ആരോപിച്ചു. ഉദ്യോഗസ്ഥർക്കെതിരെ വധഭീഷണി മുഴക്കിയതിന് ജാമ്യമില്ലാവകുപ്പ് പ്രകാരം കേസെടുത്തതിനെ തുടർന്നാണ് മുൻകൂർ ജാമ്യാപേക്ഷ. ദിലീപിനെ കൂടാതെ സഹോദരൻ ശിവകുമാർ, സഹോദരീ ഭർത്താവ് സുരാജ് എന്നിവരും കോടതിയെ സമീപിച്ചിട്ടുണ്ട്. തങ്ങൾക്കെതിരെ പൊലീസ് കള്ളക്കേസെടുത്തിരിക്കുയാണെന്നും അന്വേഷണ ഉദ്യോഗസ്ഥനായ ബൈജു പൗലോസ് ദുഷ്ടലാക്കോടെ കേസിൽ കുടുക്കിയിരിക്കുകയാണെന്നും ഹർജിയിൽ പറയുന്നു.
പൊലിന്റെ ആരോപണങ്ങൾ അടിസ്ഥാന രഹിതവും വാസ്തവ വിരുദ്ധവുമാണ്. അറസ്റ്റ് ചെയ്യാനും ജയിലിൽ അടക്കാനും സാധ്യതയുണ്ടന്നും അറസ്റ്റ് ചെയ്താൽ ജാമ്യത്തിൽ വിടാൻ നിർദേശിക്കണമെന്നും ഹർജിയിൽ ആവശ്യമുണ്ട്. ദിലീപ് കേസിൽ ഒന്നാം പ്രതിയാണ്. വധഭീഷണി മുഴക്കൽ, ഗൂഢാലോചന തുടങ്ങിയ വകുപ്പുകളാണ് പ്രതികൾക്കെതിരെ ചുമത്തിയിട്ടുള്ളത്. ബാലചന്ദ്ര കുമാറിന്റെ മൊഴിയുടേയും ഓഡിയോ തെളിവുകളുടേയും അടിസ്ഥാനത്തിലാണ് പൊലീസ് കേസെടുത്തിട്ടുള്ളത്.
കേസിലെ അന്വേഷണ ഉദ്യോഗസ്ഥരായ ബി സന്ധ്യ, എ വി ജോർജ്, കെ എസ് സുദർശൻ, എം ജെ സോജൻ, ബൈജു കെ പൗലോസ് എന്നിവർക്കെതിരെ ദിലീപും സഹോദരനും സഹോദരി ഭർത്താവും വധഭീഷണി മുഴക്കുന്ന ഓഡിയോ ക്ലിപ്പാണ് ബാലചന്ദ്രകുമാർ അന്വേഷണ സംഘത്തിന് കൈമാറിയിട്ടുള്ളത്.
ഭീഷണി കണക്കിലെടുത്ത് ഉദ്യോഗസ്ഥർ ഡിജിപിക്ക് പരാതി നൽകിയിരുന്നു. ഈ പരാതികളുടെ അടിസ്ഥാനത്തിലാണ് കേസ്. സുദർശന്റെ കൈവെട്ടുമെന്നും ബൈജു പൗലോസിന് വണ്ടി ഇടിപ്പിക്കുമെന്നൊക്കെയാണ് ക്ലിപ്പിലെ പരാമർശങ്ങൾ.