തിരുവനന്തപുരം: സംസ്ഥാനത്ത് പുതിയ കോവിഡ് കേസുകൾ ഗണ്യമായി വർധിക്കുന്നുവെന്ന് ആരോഗ്യമന്ത്രി വീണ ജോർജ്. കഴിഞ്ഞ ആഴ്ചത്തെക്കാൾ 100 ശതമാനം അധിക കേസുകൾ സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്തുവെന്നും ജനങ്ങൾ കോവിഡ് മാനദണ്ഡങ്ങൾ കർശനമായി പാലിച്ച് ജാഗ്രത പുലർത്തണമെന്നും മന്ത്രി മുന്നറിയിപ്പ് നൽകി.
എല്ലാ ജില്ലയിലും രോഗികൾ കൂടി. സമ്പർക്കം വഴിയാണ് കൂടുതൽ കേസുകളും റിപ്പോർട്ട് ചെയ്യുന്നത്. 20 മുതൽ 40 വയസ് വരെ പ്രായപരിധിയിലുള്ളവരിലാണ് രോഗബാധ കൂടുതൽ. പുതിയ കോവിഡ് കേസുകളിൽ കൂടുതലും ഡെൽറ്റാ വകഭേദമാണെന്നും മന്ത്രി വ്യക്തമാക്കി.
സംസ്ഥാനത്ത് ഒമിക്രോൺ ക്ലസ്റ്ററുകൽ നിലവിൽ കണ്ടെത്തിയിട്ടില്ല. 345 പേർക്കാണ് ഇതുവരെ ഒമിക്രോൺ സ്ഥിരീകരിച്ചത്. ഇതിൽ 155 പേർ രോഗമുക്തരായി. വരും ദിവസങ്ങളിൽ ആശുപത്രികളിൽ രോഗികളുടെ എണ്ണം വർധിക്കാൻ സാധ്യതയുണ്ടെന്നും ഇതിനുള്ള തയ്യാറെടുപ്പുകൾക്കായി നിർദേശം നൽകിയിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു.
സംസ്ഥാനത്തെ ആദ്യ ഡോസ് വാക്സിനേഷൻ 99 ശതമാനവും രണ്ടാം ഡോസ് 82 ശതമാനവും കടന്നതായും മന്ത്രി പറഞ്ഞു. കുട്ടികൾക്കുള്ള വാക്സിനേഷൻ 39 ശതമാനമാനത്തിലെത്തിയെന്നും 60421 പേർക്ക് ഇതുവരെ കരുതൽ ഡോസ് വാക്സിൻ നൽകിയതായും മന്ത്രി വിശദീകരിച്ചു.
content highlights:100 percentage increase in covid cases; health minister urges caution