ധീരജിൻ്റെ ഇടത് നെഞ്ചിന് താഴെ കത്തികൊണ്ട് മൂന്ന് സെൻ്റിമീറ്റർ ആഴത്തിൽ കുത്തേറ്റിട്ടുണ്ട്. ഒരു മുറിവ് മാത്രമാണ് ശരീരത്തിലുള്ളത്. എന്നാൽ, മർദ്ദനത്തിലേറ്റ ചതവുകളും ധീരജിൻ്റെ ശരീരത്തിലുണ്ടെന്ന് പോസ്റ്റ് മോർട്ടം റിപ്പോർട്ടിൽ വ്യക്തമാക്കുന്നുണ്ട്. രാഷ്ട്രീയ വിരോധത്തെ തുടർന്നാണ് ധീരജിനെ കുത്തിയതെന്നാണ് പോലീസ് എഫ്ഐആറിൽ പറയുന്നത്.
പിടിയിലായ യൂത്ത് കോൺഗ്രസ് നേതാക്കളായ നിഖിൽ പൈലി, ജെറിൻ ജോജോ എന്നിവരുടെ അറസ്റ്റ് പോലീസ് രേഖപ്പെടുത്തി. ധീരജിനെ കുത്തിയ നിഖിൽ പൈലി യൂത്ത് കോൺഗ്രസ് വാഴത്തോപ്പ് മണ്ഡലം പ്രസിഡൻ്റാണ്. ഇയാൾക്കെതിരെ കൊലക്കുറ്റം അടക്കമുള്ള വകുപ്പുകൾ ചുമത്തിലാണ് കേസെടുത്തിരിക്കുന്നത്. യൂത്ത് കോൺഗ്രസ് ഇടുക്കി മണ്ഡലം വൈസ് പ്രസിഡൻ്റ് ജെറിൻ ജോജോയ്ക്കെതിരെ വധശ്രമവും സംഘം ചേര്‍ന്നതുമടക്കമുള്ള വകുപ്പുകൾ ചുമത്തി.
കോളേജിൽ നടന്ന തെരഞ്ഞെടുപ്പിൽ മത്സരിക്കുന്ന ബന്ധുവിനെ സഹായിക്കാനാണ് കോളേജിൽ എത്തിയതെന്നാണ് നിഖിൽ പൈലി പോലീസിനോട് പറഞ്ഞത്. പേനക്കത്തി കരുതിയത് സ്വരക്ഷയ്ക്കാണെന്നും എസ്എഫ്ഐക്കാർ മർദിച്ചപ്പോഴാണ് കുത്തിയതെന്നുമാണ് ഇയാളുടെ മൊഴി. ധീരജിനെ കുത്താൻ ഉപയോഗിച്ച കത്തി ഇതുവരെ കണ്ടെത്താനായിട്ടില്ല. നിഖിൽ ഉൾപ്പെടെ ആറു പേരാണ് അക്രമത്തിനു പിന്നിലെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.
കേസിൽ ഇതുവരെ മൂന്ന് പേരാണ് അറസ്റ്റിലായത്. നിഖിൽ പൈലി, ജെറിൻ ജോജോ, അലക്സ് റാഫേൽ എന്നിവരാണ് അറസ്റ്റിലായത്. അതേസമയം, അറസ്റ്റിലായവർ വിദ്യാർഥികളല്ലെന്ന് ഇടുക്കി എസ്പി ആർ കറുപ്പസ്വാമി പറഞ്ഞു. കൂടുതൽ പേർ കസ്റ്റഡിയിൽ ഉണ്ടെന്നും കൂടുതൽ പേർ നിരീക്ഷണത്തിലാണെന്നും അദ്ദേഹം പറഞ്ഞു.
കോളേജിലെ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട സംഘർഷത്തിനിടെ തിങ്കളാഴ്ച ഉച്ചയോടെയാണ് കണ്ണൂർ സ്വദേശി ധീരജിന് കുത്തേറ്റത്. ഇടുക്കി മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. ആക്രമണത്തിൽ തൃശൂർ സ്വദേശി അഭിജിത് ടി സുനിൽ (21), കൊല്ലം സ്വദേശി എഎസ് അമൽ (23) എന്നിവർക്ക് പരിക്കേറ്റു. ഇവർ ഇടുക്കി മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്.