പാലക്കാട്: ഇടുക്കി ഗവ. എൻജിനീയറിങ് കോളേജിൽ എസ്എഫ്ഐ പ്രവർത്തകൻ ധീരജ് കൊല്ലപ്പെട്ട സംഭവത്തിൽ എന്താണ് നടന്നതെന്ന് ഇതുവരെ വെളിപ്പെട്ടിട്ടില്ലെന്ന് യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ ഷാഫി പറമ്പിൽ എംഎൽഎ. പോലീസും സംഭവസ്ഥലത്തുണ്ടായിരുന്നവരും ഇക്കാര്യത്തിൽ വ്യക്തത വരുത്തേണ്ടതുണ്ട്. ഒരു സംഘർഷം നടന്നിരിക്കാം. സംഭവിക്കാൻ പാടില്ലാത്ത ഒരു കൊലപാതകവും നടന്നു. അതിനെ ന്യായീകരിക്കാൻ യൂത്ത് കോൺഗ്രസ് ഇല്ലെന്നും ഷാഫി പറഞ്ഞു.
രാഷ്ട്രീയത്തിന്റെ പേരിലോ മതത്തിന്റെ പേരിലോ മറ്റെന്തിന്റെയെങ്കിലും പേരിലോ ആരെങ്കിലും കൊല്ലപ്പെടുന്നതിനെ പിന്തുണക്കാനോ ന്യായീകരിക്കാനോ യൂത്ത് കോൺഗ്രസ് തയ്യാറല്ല. കൊലപാതകത്തിൽ നിന്ന് നേട്ടമുണ്ടാക്കുന്ന സംഘടനകളുടെ പട്ടികയിൽ നിന്ന് യൂത്ത് കോൺഗ്രസ് വരാൻ ആഗ്രഹിക്കുന്നില്ല. അക്കാര്യം വ്യക്തതയോടെ പറയാൻ ഞങ്ങൾ ആഗ്രഹിക്കുന്നു.
അതേസമയം ഇത് കോൺഗ്രസിന്റെ ആസൂത്രിത കൊലപാതകമാണെന്ന് വരുത്തിത്തീർക്കാനും അതിന്റെ പേരിൽ കേരളമൊട്ടാകെ നടക്കുന്ന ആക്രമണങ്ങളും കണ്ടില്ലെന്ന് നടിക്കാനുമാകില്ല.
ആസൂത്രിതം കൊലപാതകം സംബന്ധിച്ച് റഹീം കോടിയേരിയുമൊന്നും കോൺഗ്രസിന് ക്ലാസെടുക്കരുത്. ആസൂത്രിത കൊലപാതകങ്ങൾ എന്താണെന്ന് കേരളത്തിന് കാണിച്ചുകൊടുത്തവരാണ് സിപിഎമ്മും ഡിവൈഎഫ്ഐയും. ടിപി വധം ഇതിന്റെ ഉദാഹരണമാണ്. ശരത്ലാലും കൃപേഷുമടക്കം ഇതിന്റെ ഇരകളാണ്. ആസൂത്രിത കൊലാപതകത്തിന്റെ ഗോഡ്ഫാദർമാരാണ് ഇവർ.
ആസൂത്രിതമല്ലാത്ത മുൻകൂട്ടി പ്ലാൻ ചെയ്തതല്ലാത്ത സംഭവിക്കാൻ പാടില്ലാത്ത സംഘർഷത്തിനിടെയുണ്ടായ കൊലപാതകത്തിന്റെ പേരിൽ കേരളം മുഴുവൻ സംഘടിതമായ ആക്രമണം അഴിച്ചുവിടുകയാണ്.
കുത്തേറ്റ ധീരജിനെ ആശുപത്രിയിലേക്ക് കൊണ്ടുപോകാൻ പോലീസ് വിസമ്മതിച്ചെന്ന എസ്എഫ്ഐയുടെ തന്നെ ആരോപണത്തിൽ അന്വേഷണം വേണമെന്നും ഷാഫി പറമ്പിൽ ആവശ്യപ്പെട്ടു.