കൊച്ചി> എസ്എഫ്ഐ പ്രവര്ത്തകന് ധീരജിനെ കുത്തിക്കൊന്ന കേസിലെ രണ്ടാം പ്രതി അലക്സ് റാഫേല് പ്രതിപക്ഷ നേതാവ് വിഡി സതീശന്റെ മണ്ഡലത്തില് നിന്ന് . പറവൂര് പുത്തന്വേലിക്കര സ്വദേശിയായ അലക്സ് റാഫേലിനെ പൊലീസ് പറവൂരില് നിന്നും ഇന്നാണ് പിടികൂടിയത്. കോളേജില് കെഎസ് യു യൂണിറ്റ് സെക്രട്ടറിയാണ് അലക്സ്. അലക്സടക്കം കൊലയില് നേരിട്ട് പങ്കെടുത്ത മൂന്ന് പേരെയാണ് പൊലീസ് ഇതോടെ അറസ്റ്റ് ചെയ്തത്.
പൈനാവ് എഞ്ചിനിയറിംഗ് കോളേജിലെ 7ാം സെമസ്റ്റർ വിദ്യാർഥിയായ ധീരജ് രാജേന്ദ്രനെ നെഞ്ചിൽ കത്തിയാഴ്ത്തിയാണ് കോൺഗ്രസ് ‐ കെ എസ്യു ഗുണ്ടകൾ ഇന്നലെ കൊലപെടുത്തിയത്.
ധീരജിനെ കുത്തിയ യൂത്ത് കോൺഗ്രസ് വാഴത്തോപ്പ് മണ്ഡലം പ്രസിഡന്റ് നിഖില് പൈലി , അലക്സ് റാഫേല്, ജെറിന് ജിജോ എന്നിവരെയാണ് ഇതുവരെ അറസ്റ്റ് ചെയ്തിരിക്കുന്നത്.
കോളേജ് തെരഞ്ഞെടുപ്പ് കഴിഞ്ഞ് ധീരജടക്കമുള്ള വിദ്യാര്ഥികള് പുറത്തേക്കുവരുമ്പോള് മുന്കൂട്ടി ആസൂത്രണം ചെയ്ത് എത്തിയ അക്രമികള് കത്തികൊണ്ട് കുത്തുകയായിരുന്നു.നിഖില് പൈലി അരയില് നിന്നും കത്തി വലിച്ചൂരി ധീരജിനെ ശരീരത്തോട് ചേര്ത്തുപിടിത്ത് നെഞ്ചില് കുത്തിയിറക്കുകയായിരുന്നു. ധീരജിന് ഒപ്പമുണ്ടായിരുന്ന അമൽ, അഭിജിത്ത് എന്നിവരേയും അക്രമികൾ കുത്തി. 12 അംഗ സംഘമാണ് ആക്രമിച്ചത്.