“കെ സുധാകരന് ക്രിമനൽ സ്വഭാവം ഉണ്ട്. ഇവിടുത്തെ കൊലപാതകം സംബന്ധിച്ചുള്ള സുധാകരന്റെ പ്രതികരണം കേട്ടോ? എം എം മണിയും ഇവിടുത്തെ പഴയ എംഎൽഎ എസ് രാജേന്ദ്രനും തമ്മിലുള്ള തർക്കത്തെ തുടർന്നാണ് കൊലപാതകം എന്നാണ് സുധാകരൻ പറഞ്ഞത്. അവനെപ്പോലൊരു വിഡ്ഢി കെപിസിസി പ്രസിഡന്റ് ആയിരിക്കുമ്പോൾ ഇത് ദുര്യോഗമാണ്. സുധാകരന്റെ കൂടെയും വി ഡി സതീശന്റെ കൂടെയും ഫോട്ടോ എടുത്തിട്ടുള്ളവനാണ് കേസിലെ ഒന്നാം പ്രതി. ക്രമിനൽ കേസുകളിൽ ഇവൻ പ്രതിയാണ്. എന്നിട്ട് കെപിസിസി പ്രസിഡന്റ് എന്ന വിവരദോഷി പറയുന്നത് ഇങ്ങനെയാണ്. അവർ നടത്തിയ കൊലപാതകത്തെ മണിയും രാജേന്ദ്രനുമായി കൂട്ടിക്കെട്ടാൻ ശ്രമിക്കുകയാണ്. യാതൊരു സംഘർഷവും ആ കോളേജിൽ ഇല്ലായിരുന്നു. കോളേജിന് പുറത്ത് പത്ത് പതിനൊന്നു പേർ കാത്തു നിന്ന് കൊല്ലുകയാണ് ചെയ്തത്.” എം എം മണി സമയം മലയാളത്തോട് പറഞ്ഞു.
“ഹൃദയഭാഗത്താണ് മൂന്ന് കുത്തും കുത്തിയിരിക്കുന്നത്. പ്രതികളെ സുധാകരനൊക്കെ പരിശീലിപ്പിച്ചതാണോയെന്ന് സംശയിക്കണം. കെ റെയിലുമായി മനപ്പൂർവ്വം പ്രശ്നം ഉണ്ടാക്കാൻ ശ്രമിക്കുന്നത് കണ്ടതല്ലേ. കല്ലുപറിക്കാൻ പോകുന്നവരുടെ പല്ല് പറിക്കുന്നതാണ് കാണാൻ പോകുന്നത്.” എം എം മണി പറഞ്ഞു.
ധീരജിന്റെ നെഞ്ചിലേറ്റ ആഴത്തിലുള്ള കുത്താണ് മരണത്തിന് കാരണമെന്നാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ പറയുന്നത്. ഇടത് നെഞ്ചിന് താഴെ മൂന്ന് സെന്റീമീറ്റർ ആഴത്തിൽ കുത്തേറ്റിട്ടുണ്ട്. ഒരു മുറിവ് മാത്രമാണ് ശരീരത്തിലുള്ളത്. മർദ്ദനമേറ്റതിന്റെ ചതവ് ശരീരത്തിൽ ഉണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു. ധീരജിനെ കൂടാതെ മറ്റ് രണ്ടു പേർക്കു കൂടി കുത്തേറ്റിരുന്നു. അതിൽ ഒരാളുടെ നില ഗുരുതരമാണ്.
ധീരജ് രാജേന്ദ്രനെ കുത്തി കൊലപ്പെടുത്തിയ കേസിൽ യൂത്ത് കോൺഗ്രസ് വാഴത്തോപ്പ് മണ്ഡലം പ്രസിഡന്റ് നിഖിൽ പൈലിക്കെതിരെ കൊലക്കുറ്റം അടക്കമുള്ള വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്. കേസിൽ പിടിയിലായ നിഖിലിന്റേയും യൂത്ത് കോൺഗ്രസ് ഇടുക്കി മണ്ഡലം വൈസ് പ്രസിഡന്റ് ജെറിൻ ജോജോയുടേയും അറസ്റ്റ് രേഖപ്പെടുത്തിയിട്ടുണ്ട്. കെ എസ് യു യൂണിറ്റ് സെക്രട്ടറി അലക്സ് റാഫേൽ ഉൾപ്പെടെയുള്ളവർ പോലീസ് കസ്റ്റഡിയിലാണ്.