”സമീപവാസികളുടെ സമാധാനപൂർണ്ണമായ ജീവിതത്തെ ബാധിക്കുന്ന എല്ലാ കാര്യങ്ങളും അവരുടെ സ്വകാര്യതക്കുള്ള അവകാശത്തെ ഹനിക്കും. പുതിയ കള്ള്‌ഷാപ്പുകൾക്ക് ലൈസൻസ് നൽകുമ്പോഴും നിലവിലുള്ളവ പുതുക്കുമ്പോഴും സ്വകാര്യതാ ആഘാത വിലയിരുത്തൽ നടത്തണം.”–ജസ്റ്റീസ് എ.മുഹമ്മദ് മുഷ്താഖിന്റെ വിധി പറയുന്നു. പക്ഷേ, ഈ വിധി ജനുവരി മൂന്നിന് ഹൈക്കോടതിയുടെ ഡിവിഷൻ ബെഞ്ച് റദ്ദാക്കി.
കേസിന്റെ തുടക്കം
കള്ള്‌ഷാപ്പിന്റെ പ്രവർത്തനം മൂലം തനിക്കും കുടുംബത്തിനും ജീവിക്കാൻ കഴിയുന്നില്ലെന്ന് ആരോപിച്ച് കോട്ടയം വൈക്കം സ്വദേശിനിയായ ലൈസി സന്തോഷും പാലക്കാട് സ്വദേശിനിയായ വിനോദിനിയും നൽകിയ ഹർജിയിലാണ് ജസ്റ്റീസ് എ.മുഹമ്മദ് മുഷ്താഖ് നിർണായകമായ ഉത്തരവിറക്കിയിരുന്നത്. വൈക്കം എക്‌സൈസ് റെയിഞ്ചിന് കീഴിൽ വരുന്ന ഇരുമ്പൂഴിക്കര കള്ള്‌ഷാപ്പിന് എതിരെയാണ് ലൈസി ഹർജി നൽകിയിരുന്നത്.
തന്റെ വീടും കള്ള്‌ഷാപ്പും തമ്മിലുള്ള അകലം വെറും മൂന്നു മീറ്റർ മാത്രമാണെന്ന് ഹർജിക്കാരി ചൂണ്ടിക്കാട്ടി. കള്ള്‌ഷാപ്പിൽ വരുന്നവർ തനിക്കും കുടുംബത്തിനും പലതരത്തിലുള്ള ശല്യമുണ്ടാക്കുന്നുവെന്നും അവർ വാദിച്ചു. പ്രശ്‌നപരിഹാരം ആവശ്യപ്പെട്ട് ലൈസി 2014ലും ഹൈക്കോടതിയെ സമീപിച്ചിരുന്നു. ലൈസിയുടെ നിവേദനം പരിഗണിച്ച് എക്‌സൈസ് കമ്മീഷണർ ഉചിതമായ നടപടി സ്വീകരിക്കണമെന്നാണ് അന്ന് ഹൈക്കോടതി വിധിച്ചത്.
ഷാപ്പ് ശല്യമാണെന്നാണ് എക്‌സൈസ് കമ്മീഷണർ കണ്ടെത്തിയത്. കള്ള്‌ഷാപ്പ് 20 വർഷമായി പ്രവർത്തിക്കുന്നുണ്ടെന്നും ലൈസിയും കുടുംബവും അഞ്ച് വർഷം മുമ്പാണ് അവിടെ വീട് നിർമിച്ച് താമസം തുടങ്ങിയതെന്നും എക്‌സൈസ് കമ്മീഷണറുടെ റിപ്പോർട്ട് പറയുന്നു. പുതിയ സ്ഥലം ലഭിച്ചാൽ കള്ള്‌ഷാപ്പ് അങ്ങോട്ട് മാറ്റണമെന്നും എക്‌സൈസ് കമ്മീഷണർ റിപ്പോർട്ടിൽ ആവശ്യപ്പെട്ടിരുന്നു.
ഇതിന് സമയപരിധി നിശ്ചയിച്ചിട്ടില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ലൈസി സന്തോഷ് വീണ്ടും ഹൈക്കോടതിയെ സമീപിച്ചത്. സ്വകാര്യത ഇന്ത്യൻ പൗരൻമാരുടെ മൗലിക അവകാശമാണെന്ന ജസ്റ്റീസ് കെ.എസ് പുട്ടുസ്വാമി കേസിലെ വിധിയുടെ അടിസ്ഥാനത്തിലാണ് ഹൈക്കോടതി ഈ ഹർജി പരിഗണിച്ചത്. കേസിൽ അമിക്കസ് ക്യൂറിയായി അഡ്വ.ആർ.ടി പ്രദീപിനെയും നിയമിച്ചു.
അമിക്കസ് ക്യൂറി പറഞ്ഞത്
കള്ള്‌ഷാപ്പുകളുടെ സമീപത്തെ പൊതുറോഡുകളിലൂടെ നടക്കുന്ന സ്ത്രീകളും കുട്ടികളുമാണ് കൂടുതൽ സഹിക്കേണ്ടി വരുന്നതെന്ന് അമിക്കസ് ക്യൂറി കോടതിയെ അറിയിച്ചു. മദ്യലഹരിയിലായ ആളുകൾ ആഭാസകരമായ കമന്റുകൾ ചെയ്യുന്നതായി പറയപ്പെടുന്നു. പ്രദേശത്തെ പെൺകുട്ടികൾ ഉപദ്രവവും ഭീഷണിയും നേരിടേണ്ടി വരുന്നു.
കള്ള്‌ഷാപ്പ് പരിസരത്തെ കുട്ടികളെ മോശം രീതിയിൽ സ്വാധീനിക്കും. അവരിൽ മദ്യത്തിനോട് അടിമത്തം ഉണ്ടാവാൻ കാരണമാവും. കള്ള്‌ഷാപ്പ് പരിസരത്തെ ബഹളമയമായ അന്തരീക്ഷം സമീപവീടുകളുടെ സ്വൈര്യം കെടുത്തുമെന്നും അമിക്കസ് ക്യൂറി ചൂണ്ടിക്കാട്ടി.
ഹർജിക്കാരുടെയും അമിക്കസ് ക്യൂറിയുടെയും എതിർകക്ഷികളായ ഷാപ്പ് ഉടമകളുടെയും വാദം കേട്ട ശേഷമാണ് ജസ്റ്റീസ് എ. മുഹമ്മദ് മുഷ്താഖ് വിശദമായ വിധി പുറപ്പെടുവിച്ചത്. ഇരുമ്പൂഴിക്കര കള്ള്‌ഷാപ്പ് തുറക്കുന്നതിൽ നിന്ന് ഉടമയെ വിലക്കുകയും ചെയ്തു. ഈ വിധിയാണ് എതിർകക്ഷികളുടെ അപ്പീൽ പരിഗണിച്ച് ജസ്റ്റീസുമാരായ പി.ബി.സുരേഷ് കുമാറും സി.എസ് സുധയും അടങ്ങിയ ഡിവിഷൻ ബെഞ്ച് റദ്ദാക്കിയത്.
സമാധാന അന്തരീക്ഷം ഇല്ലാതാവുന്നത് സ്വകാര്യതയുടെ ലംഘനമല്ല: ഡിവിഷൻ ബെഞ്ച്
പ്രദേശവാസികളുടെ സമാധാനപൂർണ്ണമായ ജീവിതത്തെ ബാധിക്കുന്ന എല്ലാ കാര്യങ്ങളും സ്വകാര്യതയെ ഹനിക്കുമെന്ന സിംഗിൾബെഞ്ച് വിധിയോട് യോജിക്കാനാവില്ലെന്ന് ഡിവിഷൻ ബെഞ്ച് വിധി പറയുന്നു. ”സ്വകാര്യതക്കുള്ള ഭരണഘടനാപരമായ അവകാശത്തെ ഈ തോതിൽ വികസിപ്പിക്കുന്നത് മറ്റുള്ളവരുടെ ഉപജീവനത്തിനുള്ള അവകാശത്തെ താറുമാറാക്കുമെന്ന് ഞങ്ങൾക്ക് ഭയമുണ്ട്. നമ്മുടെ രാജ്യത്തെ സാമൂഹിക വ്യവസ്ഥയിൽ മറ്റുള്ളവരുടെ വീടിന് സമീപം തൊഴിലുകൾ ചെയ്ത് ആളുകൾ ജീവിക്കേണ്ട സാഹചര്യമുണ്ട്. സ്വകാര്യതയെ ഈ തോതിൽ വികസിപ്പിക്കുന്നത് വീടുകൾക്ക് സമീപം എന്തൊക്കെ ചെയ്യാം, ചെയ്യാൻപാടില്ല എന്നീ കാര്യങ്ങളിൽ സംഘർഷമുണ്ടാവാൻ കാരണമാവും.” — ഡിവിഷൻ ബെഞ്ച് വിധിയിൽ മുന്നറിയിപ്പ് നൽകി.
”പൊതുശല്യം, സമാധാന അന്തരീക്ഷം തകരൽ, ധാർമികമായ ആശങ്കകൾ തുടങ്ങിയവക്ക് സ്വകാര്യതയുമായി ബന്ധമില്ല. ക്രമസമാധാന അന്തരീക്ഷം തകരുന്നതും ശാന്തിയും സമാധാനവും ഇല്ലാതാവുന്നതും ചിലപ്പോൾ സ്വകാര്യത ലംഘിക്കപ്പെടാൻ കാരണമാവാം. കള്ള്‌ഷാപ്പുകൾ ഉണ്ടാക്കുന്ന പ്രശ്‌നങ്ങളെ കുറിച്ചുള്ള അമിക്കസ് ക്യൂറി റിപ്പോർട്ടിലെ ആശങ്കകൾ പരിഹരിക്കാൻ നിലവിലെ ചട്ടങ്ങൾ മതിയാവും.”– ഡിവിഷൻ ബെഞ്ച് നിലപാട് വിശദീകരിച്ചു. കള്ള്‌ഷാപ്പ് മൂലം പൊതുജനങ്ങൾക്ക് ദുരിതമുണ്ടാവുകയാണെങ്കിൽ ലൈസൻസ് റദ്ദാക്കാനും സ്ഥലം മാറ്റാനും ചട്ടങ്ങളിൽ വ്യവസ്ഥകളുണ്ട്.
സ്വകാര്യതക്കുള്ള അവകാശം യുക്തിസഹമായ പരിധി കടക്കരുതെന്നാണ് വിധിയിൽ ഡിവിഷൻ ബെഞ്ച് ആവശ്യപ്പെടുന്നത്. ”മറ്റുള്ളവരുടെ ജീവിതത്തെ ബാധിക്കുന്ന രീതയിൽ ഇത് നടപ്പാക്കരുത്. കള്ള്‌ഷാപ്പ് പ്രവർത്തിച്ചിരുന്ന സ്ഥലത്തിന് തൊട്ടടുത്താണ് ഹർജിക്കാർ സ്ഥലം വാങ്ങി വീടുവെച്ചത്. വളരെ ആലോചിച്ചാവും അവർ അത് ചെയ്തിട്ടുണ്ടാവുക…അതിനാൽ തന്നെ ഈ കേസിൽ ഭരണഘടനയുടെ 21ാം പരിഛേദം ഉറപ്പുനൽകുന്ന സ്വകാര്യതക്കുള്ള അവകാശം ഉന്നയിക്കാനാവില്ല.”– കോടതി ചൂണ്ടിക്കാട്ടി.
****
Source: Agencies | Compiled by
Aneeb P.A