ന്യൂഡൽഹി: കഴിഞ്ഞ ദിവസം രാജ്യത്താകമാനം റിപ്പോർട്ട് ചെയ്തത് 1,79,723 പുതിയ കോവിഡ് കേസുകൾ.മുൻപത്തെ ദിവസത്തെക്കാൾ 12.5% കൂടുതലാണിത്. ഇതോടെ രാജ്യത്തെ ആകെ കോവിഡ് രോഗികളുടെ എണ്ണം 3.57 കോടിയായി. 4,033 ആണ് ഒമിക്രോൺ രോഗികളുടെ എണ്ണം. കോവിഡ് ബാധിച്ച് 146 മരണങ്ങളും കഴിഞ്ഞ ദിവസം റിപ്പോർട്ട് ചെയ്തു.
ദേശീയ കോവിഡ് രോഗവിമുക്തി ശതമാനം 96.62 ആയി കുറഞ്ഞു. ടി.പി.ആർ നിരക്ക് 13.29 ശതമാനമാണ്. മഹാരാഷ്ട്രയിലാണ് ഏറ്റവും കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്തത്. 44,388 പുതിയ കേസുകളാണ് ഇവിടെ പുതുതായി റിപ്പോർട്ട് ചെയ്തത്. നിലവിൽ 2,02,259 രോഗികളാണ് മഹാരാഷ്ട്രയിലുള്ളത്.
നിയമസഭ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ച ഉത്തർപ്രദേശിൽ 7,695 പുതിയ കേസുകളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഇത് കഴിഞ്ഞ ആഴ്ചയിലേതിനേക്കാൾ 13 മടങ്ങ് അധികമാണ്. കഴിഞ്ഞ ഞായറാഴ്ച വെറും 552 കേസുകൾ മാത്രമാണ് യു.പിയിൽ റിപ്പോർട്ട് ചെയ്തിരുന്നത്.
22,751 പുതിയ കേസുകളാണ് ഡൽഹിയിൽ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. 17 പേർ കോവിഡ് ബാധിച്ച് മരണപ്പെട്ടു. ജൂൺ 16 ന് ശേഷം സംസ്ഥാനത്തെ ഏറ്റവും ഉയർന്ന കോവിഡ് നിരക്കാണിത്.
അതേസമയം പ്രധാനമന്ത്രി പ്രഖ്യാപിച്ച കരുതൽ ഡോസ് വാക്സിന് വിതരണത്തിന് തിങ്കളാഴ്ച തുടക്കമാകും. ആരോഗ്യപ്രവർത്തകർ, കോവിഡ് മുന്നണിപ്പോരാളികൾ, 60 വയസ്സ് കഴിഞ്ഞ അനുബന്ധ രോഗമുള്ളവർ എന്നിവർക്കാണ് കരുതൽ ഡോസ് നൽകുക.
Content Highlights :India records 1,79,723 new COVID cases, Omicron tally reaches 4,033