പിടിയിലായ വ്യക്തി അന്വേഷണത്തോട് സഹകരിക്കുന്നില്ലെന്നും മദ്യലഹരിയിലാണെന്നും പോലീസ് പറഞ്ഞു. ഇയാളെ വിശദമായി ചോദ്യം ചെയ്യാനാണ് പോലീസ് നീക്കം. കഴിഞ്ഞ ദിവസം ഉച്ചയോടെ കാറുമായി പട്ടത്തെ ഹോട്ടലിൽ എത്തിയ പ്രതി ബഹളമുണ്ടാക്കുകയും തുടർന്ന് സ്ഥലത്ത് നിന്നും കടന്നുകളയുകയും ചെയ്തതോടെ മ്യൂസിയം പോലീസ് കാർ കസ്റ്റഡിയിലെടുത്തിരുന്നു. പട്ടത്തെ ഒരു ബാർ ഹോട്ടലിന് മുന്നിൽ നിന്നാണ് വാഹനം കസ്റ്റഡിയിലെടുത്തത്.
പിടിച്ചെടുത്ത വാഹനത്തിൽ വസ്ത്രങ്ങളും സ്പെയർ പാട്സും ഉൾപ്പെടെയുള്ള പത്തോളം ബാഗുകൾ ഉണ്ടായിരുന്നു. കേന്ദ്ര സർക്കാരിൻ്റെ വിവാദ കർഷക നിയമത്തിനെതിരെ കർഷകർ നടത്തിയ സമരം, പുൽവാമ ഭീകരാക്രമണം തുടങ്ങിയ വിഷയങ്ങളിലാണ് പ്രധാനമന്ത്രിക്കെതിരെയും ആർഎസ്എസിനെതിരെയും കാറിൽ മുദ്രാവാക്യങ്ങൾ എഴുതിയിരുന്നത്.
അമിത വേഗതയിൽ ഹോട്ടലിൽ എത്തിയ കാർ ശ്രദ്ധയിൽപ്പെട്ടതോടെ ജീവനക്കാർ ചോദ്യം ചെയ്തതോടെയാണ് പ്രശ്നം ആരംഭിച്ചത്. തർക്കത്തിനിടെ ഹോട്ടലിലെ ബാറിലേക്ക് കയറിപ്പോയ ഇയാൾക്ക് ജീവനക്കാർ മദ്യം നൽകിയില്ല. കാറിലെ എഴുത്തും പെരുമാറ്റവും ശ്രദ്ധയിൽപ്പെട്ടതോടെയാണ് ജീവനക്കാർ ഇയാൾക്ക് മദ്യം നൽകാതിരുന്നത്. മദ്യം ലഭിക്കാതെ വന്നതോടെ ഹോട്ടലിൽ ബഹളം വെക്കുകയും സുരക്ഷാ ജീവനക്കാരെ ഭീഷണിപ്പെടുത്തുകയും ചെയ്തു.
ഹോട്ടൽ അധികൃതർ വിവരം പോലീസിനെ അറിയിച്ചതോടെ ഇയാൾ കാർ ഉപേക്ഷിച്ച് ഓട്ടോയിൽ കയറി രക്ഷപ്പെടുകയായിരുന്നു. കാർ സ്റ്റേഷനിലേക്ക് എത്തിച്ച പോലീസ് വിശദമായി പരിശോധിച്ചു. ബോംബ് സ്‌ക്വാഡും ഡോഗ് സ്വകാഡും സ്ഥലത്തെത്തി വിശദമായി പരിശോധിച്ചു. സംഭവം ഉന്നത നേതൃത്വത്തെയും വിവിധ അന്വേഷണ ഏജന്‍സികളെയും പോലീസ് അറിയിച്ചിട്ടുണ്ട്.