കൊല്ലം
ഫൗണ്ടേഷന്റെ മറവിൽ ആർഎസ്പി സ്ഥാപക നേതാവും മുൻ മന്ത്രിയുമായ ആർ എസ് ഉണ്ണിയുടെ കോടികൾ വിലയുള്ള ശക്തികുളങ്ങരയിലെ കുടുംബസ്വത്ത് കൈക്കലാക്കാനുള്ള എൻ കെ പ്രേമചന്ദ്രൻ എംപി നേതൃത്തത്തിലുള്ളവരുടെ ശ്രമം പൊളിഞ്ഞു. കൊല്ലം എസിപി വിജയകുമാറിന്റെ നിർദേശത്തെ തുടർന്ന് ആർ എസ് ഉണ്ണി ഫൗണ്ടേഷൻ ഭാരവാഹികൾ ഞായറാഴ്ച പകൽ സാധനങ്ങൾ മാറ്റി വീടൊഴിയാന്‍ നിര്‍ബന്ധിതരായി. സംഭവത്തിൽ ആർ എസ് ഉണ്ണിയുടെ ചെറുമക്കളുടെ ചെറുത്തുനിൽപ്പും ജനരോഷവും ശക്തമായിരുന്നു.
എൻ കെ പ്രേമചന്ദ്രൻ എംപി ചെയർമാനും ആർഎസ്പി ജില്ലാ നേതാവ് കെ പി ഉണ്ണിക്കൃഷ്ണൻ സെക്രട്ടറിയുമായ ഫൗണ്ടേഷന്റെ തട്ടിപ്പുശ്രമം ‘ദേശാഭിമാനി’യാണ് പുറത്തുകൊണ്ടുവന്നത്. സ്വത്ത് തട്ടിപ്പിനെതിരായ നിയമപോരാട്ടം തുടരുമെന്ന് ആർ എസ് ഉണ്ണിയുടെ ചെറുമക്കളായ അമൃതയും അഞ്ജനയും അറിയിച്ചു. ഇവിടേക്ക് താമസം മാറുന്നതിനു മുന്നോടിയായി തിങ്കളാഴ്ച വീട്ടുസാധനങ്ങള്‍ എത്തിക്കും. സംഭവത്തിൽ ശക്തികുളങ്ങര പൊലീസ് കേസെടുത്തിട്ടുണ്ട്.
ഞായര്‍ ഉച്ചയ്ക്കുശേഷമാണ് സാധനങ്ങൾ നീക്കിയത്. ഫൗണ്ടേഷൻ പ്രവർത്തനത്തിന്റ മറവിൽ ഇവിടെ സൂക്ഷിച്ച തടി ഉരുപ്പടികൾ, ജനൽപ്പാളികൾ, ഫർണിച്ചര്‍, ഷിബു ബേബിജോണിന്റെ തെരഞ്ഞെടുപ്പ് പ്രചാരണ ബോർഡുകൾ തുടങ്ങിയവയാണ് നീക്കിയത്. സാധനങ്ങൾ മാറ്റാമെന്ന് ഭാരവാഹികൾ കഴിഞ്ഞദിവസം പൊലീസിനെ അറിയിച്ചെങ്കിലും നടപടി ഉണ്ടായില്ല. തുടർന്ന് പൊലീസ് ഇടപെടലുണ്ടായി. ശക്തികുളങ്ങര ഇൻസ്പെക്ടർ അനീഷിന്റെ നേതൃത്വത്തിൽ കനത്ത പൊലീസ് സന്നാഹവും സ്ഥലത്തുണ്ടായിരുന്നു.
കാവനാട് കോമോസ് ബിൽഡിങ്ങിലെ മേൽവിലാസത്തിൽ 2016ൽ രജിസ്റ്റർ ചെയ്ത ഫൗണ്ടേഷൻ ആർ എസ് ഉണ്ണിയുടെ കുടുംബത്തെപ്പോലും അറിയിക്കാതെ ശക്തികുളങ്ങരയിലെ 24 സെന്റും വീടും ഉൾപ്പെടുന്ന വസ്തുവിലേക്ക് ഓഫീസ് പ്രവർത്തനം മാറ്റുകയായിരുന്നു. വീടും വസ്തുവും തിരികെ നൽകാൻ ഇടപെടണമെന്ന് ആവശ്യപ്പെട്ട് ചെറുമക്കൾ എൻ കെ പ്രേമചന്ദ്രൻ എംപിയെ സമീപിച്ചെങ്കിലും സഹായം ലഭിച്ചില്ല. കൈക്കലാക്കിയ സ്വത്ത് നഷ്ടപ്പെടാതിരിക്കാൻ ഫൗണ്ടേഷൻ കോടതിയിൽ കവിയറ്റ് ഹർജി നൽകി. കെ പി ഉണ്ണിക്കൃഷ്ണൻ സ്വന്തം പേരിൽ അനധികൃതമായി വൈദ്യുതി കണക്ഷനും എടുത്തു.
ഇവിടെ യോഗങ്ങളും മറ്റും ചേർന്നു. ഡിസംബർ 31ന് ഇവിടെ താമസിക്കാനെത്തിയ ചെറുമക്കളെ ഭീഷണിപ്പെടുത്തി. കൈയേറ്റവുമായി ബന്ധപ്പെട്ട് എൻ കെ പ്രേമചന്ദ്രൻ എംപി ഉൾപ്പെടെയുള്ളവർക്കെതിരെ ശക്തികുളങ്ങര പൊലീസ് കേസെടുത്തിരുന്നു.