കൊല്ലം
“സ്വാർഥതയും അധികാരമോഹവുമാണ് എൻ കെ പ്രേമചന്ദ്രനെ നയിക്കുന്നത്. പാർടിയോടോ അണികളോടോ ഒരു കൂറുമില്ല. അങ്ങനെ ഒരാൾ ആർ എസ് ഉണ്ണിയുടെ ചെറുമക്കളെ കൈയൊഴിഞ്ഞതിൽ അത്ഭുതപ്പെടാനില്ല’–-ആർഎസ്പി മുൻ സംസ്ഥാന സെക്രട്ടറിയും മന്ത്രിയുമായിരുന്ന വി പി രാമകൃഷ്ണപിള്ളയുടെ മകൾ ബി ജയന്തി പറഞ്ഞു. ആർ എസ് ഉണ്ണിയുടെ വീടും സ്ഥലവും കൈയേറാൻ ഫൗണ്ടേഷൻ സെക്രട്ടറി കെ പി ഉണ്ണിക്കൃഷ്ണന് പിറകിൽനിന്ന് ചരടുവലിക്കുന്ന പ്രേമചന്ദ്രൻ അറിയാതെ ഒന്നും നടക്കില്ലെന്നും ജയന്തി പറഞ്ഞു.
“മുതിർന്ന നേതാക്കൾ മരിച്ചു കഴിഞ്ഞാൽ അവരോട് ഒരു ആദരവും കാണിക്കില്ല. മുതിർന്ന നേതാക്കളെയോ അവരുടെ കുടുംബത്തെയോ തിരിഞ്ഞുനോക്കില്ല. പ്രേമചന്ദ്രനെ പാർടിയിലേക്ക് കൊണ്ടുവന്നതും ഉയർത്തിയതും അച്ഛനാണ്. അവസാനകാലത്ത് അച്ഛന്റെ വാക്കുകൾക്ക് ഒരുവിലയും നൽകിയില്ല. അദ്ദേഹത്തെ തീർത്തും അവഗണിച്ചു. ഒടുവിൽ നിശബ്ദനാക്കി. താൻ വളർത്തിയ പ്രേമചന്ദ്രൻ തനിക്കെതിരെ പ്രവർത്തിക്കുന്നു എന്നതിൽ അച്ഛൻ കടുത്ത ദുഃഖത്തിലായിരുന്നു. മുപ്പതു വർഷത്തോളം ആർഎസ്പി കൊല്ലം ജില്ലാ സെക്രട്ടറിയായിരുന്നു അച്ഛൻ. മരണശേഷം മൃതദേഹം പാർടി ഓഫീസ് വളപ്പിൽ അടക്കണമെന്നായിരുന്നു അച്ഛന്റെ ആഗ്രഹം. അദ്ദേഹം മരിച്ചശേഷം ഇത് പ്രേമചന്ദ്രന്റെ ശ്രദ്ധയിൽപ്പെടുത്തിയെങ്കിലും അവഗണിച്ചു. അച്ഛന്റെ പേരിൽ ഒരു പാർടി ഓഫീസോ സ്മാരകഹാളോ ഒന്നുമില്ല. മരണശേഷം നടന്ന സംസ്ഥാന സമ്മേളനത്തിൽ നഗറിന് അച്ഛന്റെ പേര് നൽകാൻപോലും തയ്യാറായില്ല. ഈ അവഗണനയ്ക്കെല്ലാം പിന്നിൽ പ്രേമചന്ദ്രനാണ്.
ആർഎസ്പി ഇപ്പോൾ പ്രേമചന്ദ്രന്റെ കൈയിലാണെന്നും ജയന്തി പറഞ്ഞു. സ്വന്തം താൽപ്പര്യമല്ലാതെ മറ്റൊന്നും അദ്ദേഹത്തിന് ബാധകമല്ല. ആർഎസ്പി എൽഡിഎഫ് വിടുന്നതിനോട് അച്ഛന് താൽപ്പര്യമില്ലായിരുന്നു. സീറ്റിനുവേണ്ടി പ്രേമചന്ദ്രന്റെ നിർബന്ധത്തിലാണ് പാർടി എൽഡിഎഫ് വിട്ടത്. അതുകൊണ്ട് പാർടിക്ക് ഒരു നേട്ടവുമുണ്ടായില്ല. തകർന്നടിഞ്ഞു’ –- ബി ജയന്തി പറഞ്ഞു.
ഐക്യ മഹിളാസംഘം സംസ്ഥാന സെക്രട്ടറി, ആർഎസ്പി കൊല്ലം ജില്ലാ കമ്മിറ്റിഅംഗം, യുടിയുസി സംസ്ഥാന കമ്മിറ്റിഅംഗം, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എന്നീ നിലകളിൽ പ്രവർത്തിച്ച ബി ജയന്തി 2016ലാണ് ആർഎസ്പി ബന്ധം ഉപേക്ഷിച്ച് സിപിഐ എമ്മുമായി സഹകരിച്ചു പ്രവർത്തിക്കാൻ തുടങ്ങിയത്. നിലവിൽ ജില്ലാ പഞ്ചായത്ത് അംഗമാണ്.