കണ്ണൂർ
സിപിഐ എം 23–ാം പാർടി കോൺഗ്രസിന് ആതിഥ്യംവഹിക്കാൻ ഇന്ത്യൻ വിപ്ലവ പ്രസ്ഥാനത്തിന്റെ ഈറ്റില്ലം സർവസജ്ജം. ഏപ്രിൽ ആറിന് ആരംഭിക്കുന്ന കോൺഗ്രസ് ചരിത്രസംഭവമാക്കുന്നതിനുള്ള ഒരുക്കങ്ങൾ ആരംഭിച്ചുകഴിഞ്ഞു. കണ്ണൂർ നഗരത്തിന്റെ പലഭാഗങ്ങളിലും ചുവരെഴുത്തുകളും പ്രചാരണങ്ങളും തുടങ്ങി. 17ന് കണ്ണൂർ സാധു കല്യാണമണ്ഡപത്തിൽ നടക്കുന്ന യോഗത്തിൽ വിപുലമായ സ്വാഗതസംഘം രൂപീകരിക്കും. തുടർന്നുള്ള മൂന്ന് മാസത്തോളം പാർടിയും ജില്ലയിലെ വർഗ–-ബഹുജന പ്രസ്ഥാനങ്ങളും എണ്ണയിട്ട യന്ത്രംപോലെ കർമനിരതമാകും.
1939ൽ കേരളത്തിൽ കമ്യൂണിസ്റ്റ് പാർടിയുടെ പരസ്യപ്രവർത്തനത്തിന് തീരുമാനമെടുത്ത, രഹസ്യസമ്മേളനത്തിന് വേദിയായത് കണ്ണൂർ ജില്ലയിലെ പിണറായി പാറപ്രമാണ്. എട്ട് പതിറ്റാണ്ടിനുശേഷം, ചരിത്രത്തിൽ ആദ്യമായി പാർടി കോൺഗ്രസിന് കണ്ണൂർ വേദിയാകുമ്പോൾ പിറക്കുന്നത് പുതിയ ചരിത്രം. ഫാസിസ്റ്റുശക്തികളായ സംഘപരിവാർ നേതൃത്വം നൽകുന്ന കേന്ദ്രസർക്കാരിനെതിരായ പോരാട്ടം കൂടുതൽ ശക്തമാക്കുന്നതിനുള്ള രാഷ്ട്രീയ സമീപനങ്ങൾ രൂപപ്പെടുത്തുകയെന്നത് 23ാം പാർടി കോൺഗ്രസിന്റെ മുന്നിലുള്ള പ്രധാന വിഷയമാണ്.
പാറപ്രം സമ്മേളനത്തോടെയാണ് വടക്കേ മലബാറിലാകെ എണ്ണമറ്റ സാമ്രാജ്യത്വവിരുദ്ധ പോരാട്ടങ്ങൾ ഇരമ്പിയത്. കരിവെള്ളൂരും കയ്യൂരും കാവുമ്പായിയും തലശേരിയും മട്ടന്നൂരും മോറാഴയുമടക്കമുള്ള പടനിലങ്ങളിലൂടെ കണ്ണൂരും കേരളവും ചുവന്നു. മലയാളക്കരയുടെ സാമൂഹ്യമുന്നേറ്റത്തിന് ഊർജമായ പാറപ്രം സമ്മേളനത്തിന്റെ ഓർമകൾ ജ്വലിക്കുന്ന മണ്ണിലാണ് ഇന്ത്യൻ രാഷ്ട്രീയത്തിൽ പുത്തൻ ദിശാബോധം കുറിക്കുന്ന പാർടി കോൺഗ്രസ് നടക്കുന്നത്.