ന്യൂഡൽഹി
ഇരുപത്തിനാല് മണിക്കൂറിനിടെ രാജ്യത്ത് 1,59,632 പേർക്ക് കോവിഡ് സ്ഥിരീകരിച്ചെന്ന് ആരോഗ്യമന്ത്രാലയം അറിയിച്ചു. 224 ദിവസത്തിനിടയിലെ ഏറ്റവും ഉയർന്ന നിരക്കാണിത്. 327 പേർ മരിച്ചു. രാജ്യത്തെ ആകെ കോവിഡ് ബാധിതരുടെ എണ്ണം 3,55,28,004 ആയി ഉയർന്നു. കേസുകളുടെ എണ്ണത്തിൽ മുൻദിവസത്തേക്കാൾ 12.4 ശതമാനം വർധന.
രോഗസ്ഥിരീകരണ നിരക്ക് 10.21 ശതമാനമായി ഉയർന്നു. പ്രതിവാര സ്ഥിരീകരണ നിരക്ക് 6.77 ശതമാനമായി. മഹാരാഷ്ട്രയിൽ 44,388 പേർക്കും ഡൽഹിയിൽ 22,751 പേർക്കുമാണ് 24 മണിക്കൂറിനിടെ കോവിഡ് സ്ഥിരീകരിച്ചത്. പുതുതായി 552 പേർക്കുകൂടി ഒമിക്രോൺ സ്ഥിരീകരിച്ചു. ഇതോടെ 27 സംസ്ഥാനത്തും കേന്ദ്രഭരണ പ്രദേശങ്ങളിലുമായി ഒമിക്രോൺ സ്ഥിരീകരിച്ചവരുടെ എണ്ണം 3623 ആയി. കോവിഡ് വ്യാപനത്തോത് വിലയിരുത്തുന്ന ആർ- വാല്യു ഈ ആഴ്ച ഉയർന്ന നിരക്കായ നാലിൽ എത്തിയെന്ന് ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ച് (ഐസിഎംആർ) അറിയിച്ചു. ഇത് കോവിഡ് രണ്ടാം തരംഗത്തിൽ രേഖപ്പെടുത്തിയിരുന്നതിനേക്കാൾ 1.69 കൂടുതലാണ്.
ഗർഭിണികളും ഭിന്നശേഷിക്കാരും ഓഫീസിലെത്തണ്ട
കേന്ദ്ര സർക്കാർ ജീവനക്കാരായ ഗർഭിണികളും ഭിന്നശേഷിക്കാരും ഓഫീസിൽ എത്തേണ്ടതില്ലെന്ന് കേന്ദ്രമന്ത്രി ജിതേന്ദ്രസിങ് അറിയിച്ചു. കോവിഡ് കാരണം അടച്ചിട്ട മേഖലകളിൽ കഴിയുന്നവരും ഹാജരാകേണ്ട. എന്നാൽ, ഇവർ വീട്ടിലിരുന്ന് ജോലി ചെയ്യണമെന്ന് പേഴ്സണൽ മന്ത്രാലയത്തിന്റെ ചുമതലയുള്ള ജിതേന്ദ്രസിങ് പറഞ്ഞു.
കേന്ദ്ര സർക്കാർ ഓഫീസുകളിൽ ഹാജർ 50 ശതമാനമാക്കിയിരുന്നു. ശേഷിക്കുന്നവർ വീട്ടിലിരുന്ന് ജോലി ചെയ്യണം. യാത്രത്തിരക്ക് ഒഴിവാക്കാൻ ഓഫീസ് സമയം പകൽ ഒമ്പതുമുതൽ 5.30 വരെയോ 10 മുതൽ 6.30 വരെയോ ആയി ക്രമീകരിക്കണം.
നിശ്ചലമായി തമിഴ്നാട്
കോവിഡ് ബാധിതരുടെ എണ്ണത്തിൽ വന്കുതിപ്പുണ്ടായ തമിഴ്നാട്ടില്‍ ഞായറാഴ്ച സമ്പൂര്‍ണ അടച്ചിടല്‍ നടപ്പാക്കി. അവശ്യസർവീസുകൾ മാത്രം അനുവദിച്ചു. ബസുകൾ അനുവദിച്ചില്ല. 50 ശതമാനം ആളുകളുമായി സബർബൻ ട്രെയിനുകൾ ഓടി. പ്രധാന റോഡുകളെല്ലാം ബാരിക്കേഡ് കെട്ടി അടച്ചു. കേരളം, ആന്ധ്രപ്രദേശ്, കർണാടകം, കേന്ദ്രഭരണപ്രദേശമായ പുതുച്ചേരി എന്നിവയുമായി അതിർത്തി പങ്കിടുന്ന ജില്ലകളിലും പരിശോധന ശക്തമാക്കിയിരുന്നു. കർണാടകത്തിലും ഞായറാഴ്ച കർഫ്യു ഏർപ്പെടുത്തി.