ലണ്ടൻ
കോവിഡ് മരണം 1.5 ലക്ഷം കടക്കുന്ന ഏഴാമത്തെ രാഷ്ട്രമായി യുകെ. 1,50,057 പേരാണ് മഹാമാരിക്ക് ഇരയായത്. ഒമിക്രോൺ വ്യാപനം രൂക്ഷമായ യുകെയിൽ ശനിയാഴ്ച 1,46,390 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. 313 മരണം റിപ്പോർട്ടുചെയ്തു.അതേസമയം, കോവിഡ് ബാധിതർക്കുള്ള സമ്പർക്കവിലക്ക് ഏഴിൽനിന്ന് അഞ്ചുദിവസമായി കുറയ്ക്കുന്നതും സർക്കാർ പരിഗണനയിലാണ്. ലക്ഷണങ്ങൾ പ്രകടമാകുന്നതുമുതൽ അഞ്ചുദിവസമെന്ന നിർദേശത്തോട് യുകെ ഹെൽത്ത് സെക്യൂരിറ്റി ഏജൻസി എതിർപ്പ് അറിയിച്ചിട്ടുണ്ട്.
അമേരിക്ക അടുത്തിടെ സമ്പർക്കവിലക്ക് കോവിഡ് സ്ഥിരീകരിച്ചതുമുതൽ അഞ്ചുദിവസമാക്കി കുറച്ചിരുന്നു.
ഒമിക്രോണിൽ പകച്ച്
ഒമിക്രോണിന്റെ പിടിയിൽ ലോകമെങ്ങും കോവിഡ് കുതിച്ചുയരുകയാണ്. ആകെ കോവിഡ് ബാധിതരുടെ എണ്ണം 30 കോടി കടന്നു. ലോകത്ത് ഒരു വർഷത്തിലേറെ സമയംകൊണ്ടാണ് കോവിഡ് രോഗികൾ 10 കോടി കടന്നത്.
20 കോടിയിലെത്താൻ എടുത്തത് അടുത്ത ആറു മാസം. വീണ്ടും വ്യാപനം തീവ്രമായതോടെ വെറും മാസങ്ങൾകൊണ്ടാണ് രോഗികളുടെ എണ്ണം വ്യാഴാഴ്ച 30 കോടി കടന്നത്. കോവിഡിന് ഇരയായവർ 55 ലക്ഷം കടന്നു. അമേരിക്ക, ബ്രസീൽ, ഇന്ത്യ, റഷ്യ, മെക്സിക്കോ, പെറു എന്നിവയാണ് ഏറ്റവും കൂടുതൽ കോവിഡ് മരണം റിപ്പോർട്ട് ചെയ്ത രാജ്യങ്ങൾ. അമേരിക്കയിൽമാത്രം ആറുകോടിയിലധികം പേർക്ക് ഇതുവരെ കോവിഡ് സ്ഥിരീകരിച്ചു. 8.59 ലക്ഷം പേർ മരിച്ചു.