ലാഹോർ
പാകിസ്ഥാനിലെ വിനോദസഞ്ചാര കേന്ദ്രമായ മുറീയിൽ അതിശൈത്യത്തിൽ മരിച്ചവരുടെ എണ്ണം 23 ആയി. മരിച്ചവരിൽ 10 കുട്ടികളുമുണ്ട്. മഞ്ഞുവീഴ്ച കാണാൻ കൂട്ടമായി എത്തിയവരാണ് പർവതപാതയിൽ ഗതാഗതക്കുരുക്കിൽ കുടുങ്ങി തണുത്തുറഞ്ഞ് മരിച്ചത്. ആയിരത്തോളം വാഹനം പാതയിൽ കുടുങ്ങി. 25 മരം കടപുഴകിയതാണ് പർവതപാതയിൽ ഗതാഗതക്കുരുക്കുണ്ടാക്കിയത്. കുടുങ്ങിയ വാഹനങ്ങൾ ഇപ്പോഴും മഞ്ഞുമൂടിയ നിലയിലാണ്. പ്രദേശത്തുനിന്ന് 500 കുടുംബത്തെ സുരക്ഷിത ഇടത്തേക്ക് മാറ്റിയതായി പൊലീസ് പറഞ്ഞു. ബുധൻ, വ്യാഴം, വെള്ളി ദിവസങ്ങളിലായി യഥാക്രമം 6.5, 8.5, 10.5 ഇഞ്ച് മഞ്ഞുവീഴ്ചയാണുണ്ടായത്. മഞ്ഞുവീഴ്ച ആസ്വദിക്കാൻ ലക്ഷം വാഹനങ്ങളിൽ യാത്രക്കാരെത്തിയതായാണ് റിപ്പോർട്ട്.