തിരുവനന്തപുരം: എയർ ഇന്ത്യ എക്സ്പ്രസ് ക്യാബിൻ ക്രൂവിനോട് വിവേചനപരമായ സമീപനം കൈക്കൊള്ളുന്നുവെന്ന് ആരോപിച്ച് അനിശ്ചിതകാല പണിമുടക്ക് ആരംഭിക്കുമെന്ന് എയർ ഇന്ത്യ എക്സ്പ്രസ് എംപ്ലോയീസ് യൂണിയൻ. സമരം ജനുവരി 15 മുതൽ ആരംഭിക്കും. ഡ്യൂട്ടിക്കിടയിൽ അംഗവൈകല്യം ഉണ്ടായ ക്യാബിൻ ക്രൂവിനോട് നീതി പാലിക്കുക, ക്യാബിൻ ക്രൂവിന്റെ അഞ്ചുവർഷത്തെ നിയമന കരാർ ഒരുവർഷമായി വെട്ടിക്കുറച്ച നടപടി പിൻവലിക്കുക, വെട്ടിക്കുറച്ച ശമ്പളം പുനഃസ്ഥാപിക്കുക, നിയമന അഴിമതി നടത്തിയ ഉദ്യോഗസ്ഥർക്കെതിരെ നടപടി എടുക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് സമരം.
ഓപ്പറേഷൻ ഫിനാൻസ്, എയർപോർട്ട് സർവീസ് എന്നീ വിഭാഗങ്ങളിൽ ജീവനക്കാർക്ക് അഞ്ച് വർഷത്തെ നിയമന കരാർ കാലാവധി നിലനിർത്തുകയും ക്യാബിൻ ക്രൂവിന്റെ അഞ്ചുവർഷത്തെ നിയമന കരാർ മാത്രം ഒരു വർഷമായി വെട്ടിക്കുറക്കുകയും ചെയ്തത് വിവേചനമാണ്. ഇതിന് പുറമെ ഡ്യൂട്ടിക്കിടയിൽ അംഗവൈകല്യം സംഭവിച്ച ക്യാബിൻ ക്രൂ ജീവനക്കാരനെഗ്രൗണ്ട് സ്റ്റാഫിൽ ഉൾപ്പെടുത്തണമെന്ന ഉത്തരവ് നിലനിൽക്കുമ്പോൾ അദ്ദേഹത്തെ പിരിച്ചുവിട്ട നടപടി അംഗീകരിക്കാനാകില്ലെന്നും എംപ്ലോയീസ് യൂണിയൻ വ്യക്തമാക്കി.
പുതിയ നിയമനത്തിൽ മാനേജ്മെന്റിന്റെ ഭാഗത്തുനിന്നുള്ള സമീപനം ഏകപക്ഷീയമാണെന്ന് എയർ ഇന്ത്യ എക്സ്പ്രസ് എംപ്ലോയീസ് യൂണിയൻ ആരോപിക്കുന്നു. മാനേജ്മെന്റ് ഇഷ്ടക്കാരെ യോഗ്യത മാനദണ്ഡവും പ്രായപരിധിയും മറികടന്ന് നിയമിക്കുന്നു. കോവിഡ് മഹാമാരിയുടെ കാലത്ത് വെട്ടിക്കുറച്ച ശമ്പളം പുനഃസ്ഥാപിക്കുവാൻ ആവശ്യമായ നടപടികൾ കൈക്കൊള്ളുവാൻ മാനേജ്മെന്റ് ഇനിയും തയ്യാറായിട്ടില്ല. ഇതേതുടർന്നാണ് സമരം പ്രഖ്യാപിച്ചിരിക്കുന്നത്.
300 ജീവനക്കാരാണ് സമരത്തിൽ പങ്കെടുക്കുക. ഏകദേശം 86 വിമാന സർവ്വീസുകളാണ് ഓരോ ആഴ്ച്ചയും കേരളത്തിൽ നിന്ന് സർവ്വീസ് നടത്തുന്നത്. അനിശ്ചിതകാല സമരപരിപാടികളുമായി യൂണിയൻ മുന്നോട്ടു പോയാൽ കേരളത്തിൽ നിന്നുള്ള വിമാന സർവീസിനെ കാര്യമായി ബാധിക്കും. അതേസമയം സമരം പ്രഖ്യാപിച്ച സാഹചര്യത്തിൽ ജീവനക്കാരുമായി മാനേജ്മെന്റ് തിങ്കളാഴ്ച ചർച്ച നടത്തും.
Content Highlights: Air India Express cabin crew call for indefinite strike from January 15